മാവേലിക്കര: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് രണ്ടു കിലോമീറ്റര്‍ ഓട്ടം ഓടി. ബസ്സില്‍ കണ്ടക്ടറില്ലെന്ന് മനസ്സിലായപ്പോള്‍ തിരികെ പോയി കണ്ടക്ടറെ കൂട്ടി യാത്ര പുനരാരംഭിച്ചു. മാവേലിക്കര ഡിപ്പോയില്‍നിന്ന് ശനിയാഴ്ച രാവിലെ അഞ്ചിന് കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ട ബസാണ് അമളി തിരിച്ചറിഞ്ഞ് തിരികെ ഓടിയത്. കണ്ടക്ടറില്ലാതെ തട്ടാരമ്പലംവരെ ബസ് ഓടി.
ഡിപ്പോയില്‍ കാത്തുനിന്ന കണ്ടക്ടറെ കൂട്ടിയപ്പോള്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ആശ്വാസം. യാത്രക്കാര്‍ പരാതി പറഞ്ഞില്ലെന്നാണ് ബസ് ജീവനക്കാരുടെ ഭാഷ്യം. ബസില്‍ കയറിയ യാത്രക്കാര്‍ക്കെല്ലാം ടിക്കറ്റ് നല്‍കിയശേഷം ചില്ലറ വാങ്ങുന്നതിനായി കണ്ടക്ടര്‍ ഡിപ്പോ ഓഫിസിലേക്കു പോയതറിയാതെ ഡ്രൈവര്‍ അഞ്ചുമണിക്ക് ബസ് എടുക്കുകയായിരുന്നു.
Content Highlight: The KSRTC bus ran for two kilometers without a conductor