
ആലപ്പുഴ: മുഹമ്മയിലെ ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത. രാധാകൃഷ്ണന്റെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്. രാധാകൃഷ്ണന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലാണ്. ഇടത്തെ കാല്‍മുട്ടിന് താഴെ പരിക്കുകളുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്തും തോളുകളിലും ക്ഷതമേറ്റിട്ടുണ്ട്. ഈ പരിക്കുകള്‍ രാധാകൃഷ്ണന്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിആര്‍ നല്‍കിയപ്പോള്‍ വാരിയെല്ലുകള്‍ക്ക് പരിക്കേറ്റതാകാമെന്ന സംശയവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് രാധാകൃഷ്ണന്‍ മരിച്ചത്. തൊടുപുഴ സ്വദേശിയായ മോഷ്ടാവ് ശെല്‍വരാജ് പെരിന്തല്‍മണ്ണയില്‍ നിന്ന് കവര്‍ന്ന 21 പവന്‍ സ്വര്‍ണം രാധാകൃഷ്ണന്റെ മുഹമ്മയിലുള്ള കടയിലായിരുന്നു വിറ്റത്. ഇത് കണ്ടെത്തുന്നതിനായി പൊലീസ് ശെല്‍വരാജുമായി ജ്വല്ലറിയില്‍ എത്തി. പൊലീസ് എത്തുമ്പോള്‍ ജ്വല്ലറി അടഞ്ഞുകിടക്കുകയായിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണനേയും മകനേയും പൊലീസ് ജ്വല്ലറിയിലേക്ക് വിളിച്ചുവരുത്തി. തെളിവെടുപ്പിനിടെ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന വിഷമെടുത്ത് രാധാകൃഷ്ണന്‍ കുടിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
നേരത്തേ രാധാകൃഷ്ണന്റെ മകന്‍ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ രാധാകൃഷ്ണന് മര്‍ദനമേറ്റിരുന്നതായാണ് കുടുംബം പറയുന്നത്. ഇതില്‍ മനംനൊന്ത് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തതാണെന്നും കുടുംബം ആരോപിച്ചിരുന്നു.
Content Highlights- Ribs broken, postmortem report of jewellery owner radhakrishnan out