
ചേര്‍ത്തല: അയല്‍വാസിയായ നാലുവയസുകാരിയെ മൂന്നുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ച് കോടതി. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ (62) ആണ് ചേര്‍ത്തല പോക്സോ പ്രത്യേക അതിവേഗ കോടതി വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതിയെന്നും കോടതി വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം.
2019-ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞ് 2021-ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ പൊലീസ് പിടിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത പകല്‍ വീട്ടില്‍വെച്ചും കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചു. ഇതില്‍ കുട്ടിക്ക് മുറിവേറ്റിരുന്നു. പകല്‍വീട്ടില്‍വെച്ച് 2021-ല്‍ കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് അമ്മൂമ്മ അമ്മയെ അറിയിക്കുകയും പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം കൈമാറുകയുമായിരുന്നു. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.
കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആരോടും പറയാതെ മറച്ചുവെച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന് കേസ് വിഭജിച്ച് നടത്തുകയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 29 സാക്ഷികളെയും 28 രേഖകളും ഹാജരാക്കി.2021 മെയ് 21-ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന രവി സന്തോഷാണ് അന്വേഷണം നടത്തിയത്.
Content Highlight : A four-year-old girl was sexually abused for three years; The court sentenced the 62-year-old to 110 years in prison