എറണാകുളം: ഗോവന് നിര്മ്മിത വിദേശമദ്യം കടത്തിയ യുവാവിന് മൂന്ന് വര്ഷം തടവും ഒരുലക്ഷം രൂപ പിഴയും. എറണാകുളം അഡീഷണല് സെഷന്സ് കോടതിയുടേതാണ് വിധി. കൊല്ലം കൊട്ടില്കട വീട്ടില് എല്ദോ എന്ന അനിലിനെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
2019 മാര്ച്ച് പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. നിസാമുദ്ദീനില് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന നിസാമുദ്ദീന് എക്സ്പ്രസിലാണ് എല്ദോ മദ്യം കടത്തിയത്. റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ് ഉദ്യോഗസ്ഥര് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് നടത്തിയ പരിശോധനയില് ഒളിപ്പിച്ചുകടത്തിയ മദ്യം കണ്ടെത്തുകയായിരുന്നു. ജനറല് കമ്പാര്ട്ട്മെന്റില് യാത്രചെയ്ത പ്രതിയുടെ ബാഗില് നിന്നും ഏഴു ബോട്ടിലുകളിലായി സൂക്ഷിച്ച മദ്യമാണ് ആര്പിഎഫ് പിടികൂടിയത്.
ഗോവയില് മാത്രം വിൽപനയ്ക്ക് അനുമതിയുള്ളതാണ് ഇന്ത്യന് നിര്മ്മിത വിദേശമദ്യം. ഇയാളില് നിന്ന് പിടികൂടിയ വിദേശമദ്യം എക്സൈസിന് കൈമാറി. അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര് സുനി എം ഡി, അഡ്വ. പി എസ് അമൃത എന്നിവര് പ്രോസിക്യൂഷനു വേണ്ടി ഹാജരായി. എറണാകുളം എക്സൈസ് ഇന്സ്പെക്ടര് ടി ജി കൃഷ്ണകുമാര് ആയിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്. കേസില് 8 സാക്ഷികളെ പ്രോസിക്യൂഷന് ഹാജരാക്കി. 20 രേഖകൾ സമർപ്പിച്ചു.