തൃക്കാക്കര: തൃക്കാക്കര നഗരസഭയില് ഗ്രൂപ്പ് തര്ക്കം രൂക്ഷമായതോടെ കോൺഗ്രസിന് ഭരണം നഷ്ടമായേക്കും. കോണ്ഗ്രസ് വിമതരായ സ്വതന്ത്ര സ്ഥാനാര്ത്ഥികള് എല്ഡിഎഫ് പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. നഗരസഭ ചെയര്പേഴ്സണ് അജിത തങ്കപ്പന് നാളെ രാജി സമര്പ്പിക്കും.
തൃക്കാക്കര നഗരസഭയില് നിലവിലെ ചെയര്പേഴ്സണിന്റെ ധാരണപ്രകാരമുള്ള കാലാവധി അവസാനിച്ചതോടെയാണ് നഗരസഭയില് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്വതന്ത്ര കൗണ്സിലര്മാരായ ഇ പി കാദര്കുഞ്ഞും വര്ഗ്ഗീസ് പ്ലാശ്ശേരിയുമാണ് അവിശ്വാസ നോട്ടീസ് നല്കിയത്. ബുധനാഴ്ച അവിശ്വാസ പ്രമേയത്തിൽ ചര്ച്ചയുണ്ടാകും. കോണ്ഗ്രസ് വിമത ഓമന സാബു എല്ഡിഎഫ് കൗണ്സിലര്മാരുടെ പിന്തുണയോടെ ചെയർപേഴ്സൺ ആകാനാണ് സധ്യത. എ, ഐ ഗ്രൂപ്പുകള് തമ്മിലുള്ള പോരാട്ടമാണ് നഗരസഭാ ഭരണം നഷ്ടപ്പെടുന്ന നിലയിലേക്ക് കോണ്ഗ്രസിനെ എത്തിച്ചത്.
അജിതാ തങ്കപ്പന് മുന്ധാരണ പ്രകാരം ജൂണ് 27 ന് രാജിവെച്ച് പകരം എ ഗ്രൂപ്പിലെ രാധാമണി പിള്ളക്ക് സ്ഥാനം കൈമാറേണ്ടതായിരുന്നു. രാധാമണി ചെയര്പേഴ്സണാകുന്നതില് വിയോജിപ്പുള്ള ഐ ഗ്രൂപ്പ് അംഗങ്ങള് ചെയര്പേഴ്സണ് രാജി വയ്ക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്ന്ന പണക്കിഴി വിവാദമടക്കം വിവിധ വിഷയങ്ങള് രാധാമണി പിള്ളയുടെ ചരടുവലിയാണെന്നാണ് ഐ ഗ്രൂപ്പ് അംഗങ്ങളുടെ പരാതി. അവസരം മുതലെടുത്ത് യുഡിഎംഫ് വിമതരായ സ്വതന്ത്ര കൗണ്സിലര്മാരെ ഒപ്പം കൂട്ടി ഭരണം പിടിക്കാനാണ് എല്ഡിഎഫിൻ്റെ ശ്രമം. 43 അംഗ തൃക്കാക്കര നഗരസഭയില് യുഡിഎഫിന് കോണ്ഗ്രസും ലീഗും ചേര്ന്ന് 21 അംഗങ്ങളാണുള്ളത്. എല്ഡിഎഫിന് 17 ഉം അഞ്ച് സ്വതന്ത്രരുമാണ്. കോണ്ഗ്രസ് വിമതരായ സ്വതന്ത്രരെ ഒപ്പം കൂട്ടിയാണ് രണ്ടര വര്ഷം അജിത തങ്കപ്പന് ചെയര്പേഴ്സണായത്.