കൊച്ചി : മറുനാടന് മലയാളി യൂട്യൂബ് ചാനലുടമ ഷാജന് സ്കറിയയ്ക്കെതിരെ ക്രിമിനല് നടപടിക്രമം 41 എ അനുസരിച്ച് നോട്ടീസ് നിര്ബന്ധമില്ലെന്ന് ഹൈക്കോടതി. രജിസ്റ്റര് ചെയ്ത കേസുകളുടെ വിശദാംശങ്ങള് നല്കുന്നത് അറസ്റ്റിന് തടസമല്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് പീഡനം ആരോപിച്ച് മറുനാടന് മലയാളി യൂട്യൂബ് ചാനല് ഉടമ ഷാജന് സ്കറിയ നല്കിയ ഹര്ജി തീര്പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പൊലീസ് രജിസ്റ്റര് ചെയ്ത കേസുകളുടെ വിശദാംശങ്ങള് ഷാജന് സ്കറിയയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചു. ക്രൈം നമ്പർ ചുമത്തിയ വകുപ്പുകളുമാണ് അറിയിക്കേണ്ടത്. കേസിന്റെ വിവരങ്ങള് അറിയിക്കാന് ഷാജന് സ്കറിയ ഇ മെയില് ഐഡി ഉള്പ്പടെയുള്ള മേല്വിലാസം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്.
107 കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നാണ് ഷാജന് സ്കറിയയുടെ ആക്ഷേപം. ഇത്രയും കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില് പ്രൊസിക്യൂഷനും വ്യക്തതയില്ല. എന്നാല് ഓരോ കേസിലും 10 ദിവസത്തെ നോട്ടീസ് നല്കുന്നത് പ്രായോഗികമല്ലെന്ന് പ്രൊസിക്യൂഷന് ഡയറക്ടര് ജനറല് ഹൈക്കോടതിയെ അറിയിച്ചു. ഇത് കേസിന്റെ നടപടിക്രമങ്ങള് നീളാന് ഇടയാക്കും. അതിനാല് ഉത്തരവില് വ്യക്തത വരുത്തണമെന്നായിരുന്നു ഡിജിപിയുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി 10 ദിവസത്തെ നോട്ടീസ് നല്കണമെന്നും 10 ദിവസത്തിനകം വന്നില്ലെങ്കില് അറസ്റ്റ് ചെയ്യാമെന്നും വ്യക്തമാക്കി. ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്നും മറ്റൊരു കേസിനും ഇത് ബാധകമല്ലെന്നും കോടതി അറിയിച്ചു.
10 ദിവസത്തേക്ക് മാത്രം ബാധകമായ ഉത്തരവാണിത്. ഈ ഹര്ജിയിലെ വസ്തുതകള് മാത്രമാണ് ഈ ഉത്തരവിന് ആധാരം. പൊതുവില് മറ്റ് ഉത്തരവുകള്ക്ക് ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തത വരുത്തി. നോട്ടീസ് നല്കുന്നത് ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യുന്നതിന് തടസമല്ല. പൊലീസിന് സ്വതന്ത്ര അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി ഉത്തരില് പറയുന്നു. സംസ്ഥാന നിയമസഭയിലെ ഒരംഗത്തെ കുറിച്ച് ഷാജന് സ്കറിയ ഹര്ജിയില് പരാമര്ശിച്ചിട്ടുണ്ട്. അദ്ദേഹം ഹര്ജിയില് കക്ഷിയല്ല. അതിനാല് ഹര്ജിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി ഉത്തരവില് വ്യക്തമാക്കുന്നു. അന്വേഷണത്തിന് എതിരല്ല കോടതിയുടെ നിലപാടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് പരാമര്ശിച്ചു.
മറുനാടന് മലയാളി യൂട്യൂബ് ചാനല് ഉടമ ഷാജന് സ്കറിയയ്ക്ക് ക്രിമിനല് നടപടിക്രമം അനുസരിച്ച് മുന്കൂര് നോട്ടീസ് നല്കണമെന്നായിരുന്നു ഹൈക്കോടതി ഹര്ജിയില് ആദ്യം നല്കിയ ഉത്തരവ്. ഉത്തരവില് വ്യക്തത വരുത്തണമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും ഡയറക്ടര് ജനറല് ഓഫ് പ്രൊസിക്യൂഷന്സ് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയെ അറിയിച്ചു. നോട്ടീസ് നല്കി മാത്രമേ ചോദ്യം ചെയ്യാന് പാടുള്ളൂവെന്ന ഉത്തരവിലും സിംഗിള് ബെഞ്ച് വ്യക്തത വരുത്തി. ഇതുവരെ രജിസ്റ്റര് ചെയ്ത കേസുകള് അറിയിക്കണം എന്നാണ് പുതിയ ഉത്തരവില് പറയുന്നത്.
സംസ്ഥാനത്ത് എമ്പാടും കേസുകള് രജിസ്റ്റര് ചെയ്ത് പൊലീസ് പീഡിപ്പിക്കുകയാണെന്നായിരുന്നു ഷാജന് സ്കറിയയുടെ ഹര്ജിയിലെ ആക്ഷേപം. ജാമ്യമില്ലാ കുറ്റം ചുമത്തുകയാണ് എങ്കില് മുന്കൂര് നോട്ടീസ് നല്കി വിളിപ്പിച്ച ശേഷം മാത്രമേ അറസ്റ്റ് ചെയ്യാന് പാടുള്ളൂ എന്നുമായിരുന്നു ഷാജന് സ്കറിയയുടെ ഹര്ജിയിലെ ആവശ്യം.