കൊച്ചി: ജില്ലയിൽ ജൂൺ അഞ്ചിന് പ്രവർത്തം ആരംഭിച്ച എഐ ക്യാമറകള് കണ്ടെത്തിയ ഗതാഗത നിയമലംഘനത്തിന് ഒരുമാസം കൊണ്ട് ചുമത്തിയ പിഴ 1,58,42,000 രൂപ. ഇതില് 26,72,500 രൂപ നോട്ടീസ് ലഭിച്ചവര് അടച്ചുതീർത്തു. ഇനി 1,31,69,500 രൂപയാണ് കുടിശ്ശികയായുള്ളത്. ഒരുമാസത്തിൽ 26, 378 കേസുകളാണ് എടുത്തത്.
ക്യാമറ പകര്ത്തുന്ന നിയമ ലംഘന ചിത്രങ്ങള് മൂന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് നിയമം ലംഘിച്ച വാഹന ഉടമയ്ക്ക് നോട്ടീസ് നല്കുന്നത്. ക്യാമറകളില് നിന്നുള്ള ചിത്രങ്ങള് ആദ്യം തിരുവനന്തപുരത്തെ കേന്ദ്ര സര്വറിലാണ് ലഭിക്കുക. അവിടെ നിന്ന് ജില്ലാ കണ്ട്രോള് റൂമിലേക്ക് നല്കും. അവിടെ കെല്ട്രോണ് അധികൃതര് ആദ്യം ചിത്രം പരിശോധിക്കും.
നിയമ ലംഘനമെന്ന് ബോധ്യപ്പെട്ടാല് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്ക്ക് കൈമാറും. വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടുത്ത സെഷനിലേക്ക് കൈമാറും. അവിടെ നിന്നായിരിക്കും വാഹന ഉടമയ്ക്ക് നോട്ടീസ് അയക്കുന്നത്. ചെയ്യാത്ത കുറ്റത്തിനാണ് നോട്ടീസ് നല്കുന്നതെങ്കില് ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ജൂലൈമാസത്തില് കണ്ടെത്തിയ നിയമലംഘനങ്ങള്ക്ക് നോട്ടീസ് നല്കുന്നതിനായുള്ള നടപടികള് പുരോഗമിക്കുകയാണ്. എറണാകുളം ജില്ലിയില് വിവിധ ഇടങ്ങളിലായി 63 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില് രണ്ടെണ്ണം തകരാറിലാണ്.