കൊച്ചി: വയർ കട്ടറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 400 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയതായിരുന്നു മുഹമ്മദ്.
വയർ കട്ടറിന്റെ പിടിയുടെ ഭാഗത്തുള്ള റബ്ബർ ആവരണത്തിനുള്ളിലാണ് ദണ്ഡിന്റെ രൂപത്തിൽ സ്വർണ്ണം കണ്ടെത്തിയത്. പിടികൂടിയ സ്വർണ്ണത്തിന് 21 ലക്ഷം രൂപ വില വരും.
ആഴ്ചകൾക്ക് മുമ്പ് മാതാവിന്റെ ഡയാലിസിസിന് പണം കണ്ടെത്താൻ വേണ്ടി കള്ളക്കടത്തിൽ കണ്ണിയായ യുവാവിനെ നെടുമ്പാശ്ശേരിയിൽ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന 1060 ഗ്രാം സ്വർണവുമായി പിടിയിലായത്.
13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിസാമുദ്ദീൻ. അതിനിടെ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം അത്യാവശ്യമായി വന്നു. സ്വർണം കൊണ്ടു പോയാൽ യാത്രാക്കൂലിയും 25,000 രൂപയും നൽകാമെന്ന് ഒരു സുഹൃത്ത് അറിയിച്ചു. തുടർന്ന് സുഹൃത്ത് വഴിയാണ് സ്വർണക്കടത്ത് സംഘവുമായി നിസാമുദ്ദീൻ ബന്ധം സ്ഥാപിച്ചത്.
ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. മലദ്വാരത്തിൽ നാല് ക്യാപ്സ്യൂളുകളാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. സ്വർണം കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്.