കൊച്ചി: എറണാകുളം പറവൂരിൽ ഒരു കിലോയിലേറെ വരുന്ന എംഡിഎംഎ പിടികൂടി. വടക്കൻ പറവൂർ മന്നത്ത് വെച്ച് ഇന്ന് രാവിലെയാണ് സംഭവം. മന്നം അത്താണിക്ക് സമീപത്തെ വാടക വീട്ടിൽ കാറിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. സിനിമ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്തത്.
വീട്ടുവളപ്പിലേക്ക് കയറിയ കാറുകളെ പിൻതുടർന്നെത്തിയ പൊലീസിനെ കണ്ട് കാറിൽ ഉണ്ടായിരുന്ന മൂന്ന് പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ഒരാൾ രക്ഷപ്പെട്ടു. കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ, ആലങ്ങാട് നീറിക്കോട് സ്വദേശി നിഥിൻ വിശ്വം എന്നിവരെയാണ് പിടികൂടിയത്. വാണിയക്കാട് സ്വദേശി നിഖിൽ പ്രകാശാണ് ഓടി രക്ഷപ്പെട്ടത്.
ഇവരുടെ കൈയ്യിൽ നിന്നും 19 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പിന്നീട് കാറിന്റെ സ്റ്റെപ്പിനിയായി വെച്ചിരുന്ന ടയർ കീറി പരിശോധിച്ചപ്പോഴാണ് ഒരു കിലോയിലേറെ വിലവരുന്ന എംഡിഎംഎ കണ്ടെത്തിയത്. വിപണിയിൽ 70 കോടിയിലേറെ രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. വീട് വാടകയ്ക്കെടുത്ത പെരുവാരം സ്വദേശി അമിത്ത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പരിശോധന നടത്തുകയാണെന്ന് പറവൂർ പൊലീസ് അറിയിച്ചു.