കീരംപാറ: പാലമറ്റം സിത്താര സ്റ്റേഡിയം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. ജനപ്രതിനിധികള്ക്കും ഉദ്യോഗസ്ഥര്ക്കുമൊപ്പം മൈതാനം സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തിയ ശേഷം പ്രസിഡന്റ് പിഎഎം ബഷീര് ഇക്കാര്യം അറിയിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് 2003ല് പെരിയാര് വാലി ഇറിഗേഷന് വകുപ്പ് വിട്ടുനല്കിയതാണ് ഈ മൈതാനമെന്ന് പിഎഎം ബഷീര് ചൂണ്ടിക്കാട്ടി.
'ഭരണസമിതികള് മാറി മാറി വന്നെങ്കിലും മൈതാനം ശോചനീയാവസ്ഥയില് തുടരുകയാണ്. പ്രദേശത്തെ യുവാക്കള് മൈതാനം നവീകരിക്കണമെന്ന ആവശ്യം ഈയിടെ വീണ്ടും ഉന്നയിച്ചു. അടിയന്തരമായി ഈ മൈതാനം ബ്ലോക്ക് പഞ്ചായത്ത് കളിസ്ഥലമാക്കി ഉയര്ത്തും. ഗ്രൗണ്ട് നാല് വശവും കല്ല് കെട്ടി സംരക്ഷിക്കും. ചെളിക്കളം ആകാത്ത വിധം മണ്ണിട്ട് ഉയർത്തി ഉന്നത നിലവാരത്തിലാക്കും. നിരവധി മൈതാനങ്ങള് ഇത്തരത്തില് നവീകരിച്ച് കുട്ടികളേയും യുവജനങ്ങളേയും കായികരംഗത്തേക്ക് ആകര്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.' പാലമറ്റം സ്റ്റേഡിയത്തിന്റെ നവീകരണം ഈ പദ്ധതിയുടെ പൂര്ത്തീകരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കീരംപാറ പഞ്ചായത്തിലെ ഏറ്റവും വിശാലമായ ഗ്രൗണ്ട് ആണ് പാലമറ്റത്തേത് എന്ന് പ്രസിഡന്റ് മാമച്ചന് ജോസഫ് പറഞ്ഞു. നവീകരണ പദ്ധതി ഏറ്റെടുത്ത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോട് അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. എല്ലാ സൗകര്യങ്ങളുമുള്ള മൈതാനത്തിനൊപ്പം നാട് കൂടി വികസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഭരണസമിതിയുടെ കാലയളവിനുള്ളില് തന്നെ നവീകരണ നിര്മ്മാണങ്ങള് പൂര്ത്തിയാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ജോമി തെക്കേക്കര ഉറപ്പുനല്കി. മൈതാനത്തേക്ക് ഒരു ഓപ്പണ് ജിം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പതിറ്റാണ്ടുകളായി പ്രദേശവാസികള് ഉന്നയിച്ചിരുന്ന ആവശ്യം പരിഗണിക്കുകയും നവീകരണ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് പാലമറ്റം സിത്താര ക്ലബ്ബ് അഭിവാദ്യമര്പ്പിച്ചു. ഗ്രൗണ്ട് എല്ലാ വശവും മതിൽ കെട്ടി റോഡ് നിരപ്പിൽ മണ്ണിട്ട് നികത്തിയാലേ ശാശ്വത പരിഹാരമാകൂയെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
കൃത്യമായ ഡ്രെയിനേജ് ഒരുക്കി മൈതാനം മുഴുവന് നിരപ്പാക്കുന്നതിനൊപ്പം തണല് വൃക്ഷങ്ങള്ക്ക് കീഴെ ചാരുബെഞ്ചുകള് കൂടി സ്ഥാപിച്ചാല് വയോജനങ്ങള്ക്കും വീട്ടമ്മമാര്ക്കും വിദ്യാര്ത്ഥികള്ക്കും വിശ്രമിക്കാന് സൗകര്യമാകും. പ്രഭാത-സായാഹ്ന നടത്തത്തിന് എത്തുന്നവര്ക്കും ഉപയോഗപ്രദമാകും. ഒരു ഓപ്പണ് ജിം, ചെറിയ കുട്ടികള്ക്കായി ഒരു പാര്ക്ക്, അത്ലറ്റിക്സ് പരിശീലനത്തിന് വേണ്ട സൗകര്യങ്ങള് എന്നിവ കൂടി ഒരുക്കണമെന്നും പെൺകുട്ടികൾക്ക് കൂടി ഉപയോഗപ്രദമാകും വിധം ജെൻഡൻ ന്യൂട്രൽ സ്റ്റേഡിയം ആണ് വേണ്ടതെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.