കൊച്ചി: എറണാകുളത്ത് വ്യാപാര സ്ഥാപനങ്ങളില് വ്യാപകമായി തട്ടിപ്പ് നടത്തി മുങ്ങിയ തട്ടിപ്പുവീരന് പിടിയില്. കാക്കനാട് മരോട്ടിച്ചുവട് അല്ലേഡിയം ബംഗ്ലാവില് സന്ദീപ് മേനോന് (30) ആണ് പിടിയിലായത്. വ്യാപാരി സമിതിയുടെ വാട്സാപ്പ് ഗ്രൂപ്പില് ഇയാളെക്കുറിച്ച് വന്ന തട്ടിപ്പ് വിവരങ്ങളും ഫോട്ടോയമടങ്ങിയ പോസ്റ്റ് വ്യാപാരിയുടെ ശ്രദ്ധയില്പ്പെട്ടതാണ് പ്രതിയെ പിടികൂടാന് സഹായിച്ചത്. കിഴക്കമ്പലം ജങ്ഷനിലെ വ്യാപാരികളുടെ നേതൃത്വത്തില് പിടികൂടിയ പ്രതിയെ കുന്നത്തുനാട് പൊലീസിന് കൈമാറി.
ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രതി തട്ടിപ്പുനടത്തിയതായി പൊലീസിനോട് സമ്മതിച്ചു. വ്യാപാര സ്ഥാപനങ്ങളില് എത്തുന്ന പ്രതി ഉത്പ്പന്നങ്ങള് ഓര്ഡര് ചെയ്ത ശേഷം കടക്കാരന് സാധനങ്ങള് എടുത്തുവെക്കുന്നതിനിടയില് തൊട്ടടുത്ത സ്ഥാപനത്തില് സാധനങ്ങള് വാങ്ങി നില്ക്കുന്ന പിതാവിന്റെ ഗൂഗിള് പേ തകരാറിലാണെന്ന് കള്ളം പറയും. എന്നിട്ട് സ്ഥാപന ഉടമയോട് 1000 രൂപ മുതല് 25000 രൂപ വരെ വാങ്ങി മുങ്ങുന്നതാണ് ഇയാളുടെ രീതി. കടയുടമയുടെ വിശ്വാസം നേടുന്നതിനായി അവിടെവെച്ച് പിതാവിനെ ഫോണില് വിളിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസവും ഇയാള് ഇത്തരത്തില് തട്ടിപ്പ് നടത്തിയിരുന്നു. പള്ളിക്കരയിലെ ഹോട്ടലിലെത്തി പൊറോട്ടയും കറികളും ഓര്ഡര് ചെയ്ത് എടുത്തുവയ്ക്കുന്ന സമയത്ത് പിതാവ് മീന് കടയില് നില്പ്പുണ്ടെന്നും ഗൂഗിള് പേ തകരാറിലാണെന്നും പറഞ്ഞ് 1500 രൂപ വാങ്ങി മുങ്ങിയിരുന്നു. ഇന്നലെ കിഴക്കമ്പലത്തെ ഇലക്ട്രിക്കല് ഷോപ്പിലെത്തി 25000 രൂപയുടെ സാധനങ്ങള് വാങ്ങി സമാന തട്ടിപ്പിന് ശ്രമം നടത്തി. എന്നാല് കടയുടമയുടെ കയ്യില് പണം ഇല്ലാതിരുന്നതിനാല് പാളിപോവുകയായിരുന്നു.
തുടര്ന്ന് തൊട്ടടുത്ത ഇറച്ചിക്കടയിലെത്തി 10 കിലോ ഇറച്ചി ഓര്ഡ ചെയ്ത ശേഷം വീണ്ടും തട്ടിപ്പിനു ശ്രമം നടത്തി. അവർക്ക് നൽകേണ്ട തുകയും നല്കിയില്ല. പിന്നീട് കിഴക്കമ്പലത്തെ മെഡിക്കല് ഷോപ്പിലെത്തി 3000 രൂപയുടെ മരുന്നുവാങ്ങി അവിടേയും തട്ടിപ്പ് നടത്താന് ശ്രമിച്ചു. എന്നാല് ഇവരാരും പണം നല്കാതെ വന്നതോടെ കിഴക്കമ്പലം ജംഗ്ഷനിലെ സൂപ്പര്മാര്ക്കറ്റിലെത്തി സാമാന രീതിയിലുള്ള തട്ടിപ്പിന് ശ്രമിച്ചു. എന്നാല് വ്യാപാരി സമിതിയുടെ വാട്സാപ്പ് ഗ്രൂപ്പില് ഇയാള്ക്കെതിരെയുള്ള തട്ടിപ്പ് വിവരങ്ങളും ഫോട്ടോയമടങ്ങിയ പോസ്റ്റ് വരികയും ഇത് ശ്രദ്ധയില്പ്പെടുകയും ചെയ്തിരുന്നു. തുടര്ന്ന് സമീപത്തെ വ്യാപാരികള് ചേര്ന്ന് ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. ശേഷം പൊലീസിന് കൈമാറി.
ജില്ലയില് ഒട്ടുമിക്ക സ്ഥലങ്ങളിലും തട്ടിപ്പു നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ നിലവില് തട്ടിപ്പ് സംബന്ധിച്ച കേസ് നിലനിൽക്കുന്ന എറണാകുളം സെന്ട്രല് പൊലീസിന് കൈമാറി. തൃപ്പൂണിത്തുറ, വാഴക്കുളം എന്നിവിടങ്ങളിലും ഇയാള് സമാന രീതിയില് തട്ടിപ്പ് നടത്തിയിട്ടുണ്ട്.