കൊച്ചി: ചാത്തൻസേവയുടെ പേരിൽ വീട്ടമ്മയെ പീഡിപ്പിച്ച് ജോത്സ്യൻ. തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദാണ് വീട്ടമ്മയെ ചാത്തൻസേവയ്ക്കെന്ന പേരിൽ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് വീട്ടമ്മയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിലെ പരസ്യത്തിലൂടെയാണ് വീട്ടമ്മ പ്രഭാദിനെ പരിചയപ്പെട്ടത്. തന്റെ കുടുംബ പ്രശ്നങ്ങൾ ഇയാളെ അറിയിച്ചപ്പോൾ പരിഹരിക്കാൻ പൂജ ചെയ്യാൻ കൊച്ചി, വെണ്ണലയിലെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പൂജയ്ക്കായി വീട്ടിലെത്തിയ വീട്ടമ്മയെ ഇയാൾ പൂജയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.
പിന്നീട് തൃശൂരിൽ വച്ചും ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറഞ്ഞു. ആദ്യ പൂജയിൽ ഫലമുണ്ടാകാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് പറഞ്ഞാണ് തൃശൂരിലേക്ക് വിളിച്ചുവരുത്തിയത്. സംഭവങ്ങൾക്ക് ശേഷം പുറത്ത് പറയരുതെന്നും കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഭീഷണിപ്പെടുത്തിയതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.