കൊച്ചി: കൊച്ചിയില്‍ നിന്ന് മോഷണം പോയ വിലപിടിപ്പുള്ള ബൈക്ക് കൊല്ലത്ത് നിന്ന് കണ്ടെത്താന്‍ സഹായിച്ചത് ബൈക്കുടമയുടെ സുഹൃത്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍. വിലകൂടിയ ബൈക്ക്, ഇരുചക്രവാഹനത്തില്‍ മറ്റൊരാള്‍ ചവിട്ടിക്കൊണ്ടുപോകുന്നത് കണ്ട് ബൈക്ക് ഉടമസ്ഥനായ മുഹമ്മദ് ഫായിസെന്ന യുവാവിൻ്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ വീഡിയോയാണ് അന്വേഷണത്തിനിടയിൽ ലഭിച്ചത്. നാല് ലക്ഷം രൂപ വിലമതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കാണ് മോഷണം പോയത്.
സംഭവത്തില്‍ രണ്ട് പേരാണ് പിടിയിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് മൈക്കിള്‍ എന്നിവരാണ് പിടിയിലായത്. ബിടെക്, കംപ്യൂട്ടര്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇവർ. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് കൊല്ലത്തേക്ക് കടത്തുകയായിരുന്നു.
ഈ മാസം 10-ാം തീയതിയായിരുന്നു സംഭവം. ഉച്ചക്കഴിഞ്ഞ് 2.30ഓടെ ഇടപ്പള്ളിയിലെ മാളിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ശേഷം അകത്തുപോയതായിരുന്നു ഫായിസ്. തിരികെ എത്തിയപ്പോള്‍ ബൈക്ക് കാണാനില്ല. ഉടനെ തന്നെ എളമക്കര പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മാളിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മൂന്ന് മണിയോടെ മോഷണം നടന്നതായി കണ്ടെത്തി. പിന്നാലെ പൊലീസും ഫായിസും സുഹൃത്തുക്കളും ബൈക്ക് തിരഞ്ഞിറങ്ങി. അന്വേഷണത്തിനിടയിലാണ് ഫായിസിന്റെ സുഹൃത്ത് പകര്‍ത്തിയ ദൃശ്യം കാണാനിടയായത്.
മോഷണ ബൈക്ക് ചവിട്ടിക്കൊണ്ട് ഓടിച്ചുപോകുന്ന ബുള്ളറ്റിന്റെ നമ്പര്‍ ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്താനായത്. അന്വേഷണത്തില്‍ നമ്പര്‍ വ്യാജമെന്ന് കണ്ടെത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ നിർണായകമായി. അന്വേഷണം കൊച്ചിയിലെ ഒരു ഫ്‌ലാറ്റിലാണ് ചെന്നെത്തിയത്. ഫ്‌ലാറ്റ് സമുച്ചയത്തിലേക്ക് ബൈക്ക് കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യവും പൊലീസിന് ലഭിച്ചു. സ്വന്തമായി ബൈക്കില്ലാത്ത സുഹൃത്തിന് വേണ്ടി മോഷിടക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇതിന് പിന്നില്‍ ആസൂത്രിത സംഘമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: Friends arrested for stealing luxury bike