തൃക്കാക്കര: തൃക്കാക്കര നഗരസഭയില്‍ പുതിയ വൈസ് ചെയര്‍മാനായി അബ്ദു ഷാനയെ തിരഞ്ഞെടുത്തു. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര അംഗം അബ്ദു ഷാനയ്ക്ക് 22 വോട്ടും എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച ഇ പി കാദര്‍ കുഞ്ഞിന് 20 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് അംഗം രജനി ജീജന്റെ വോട്ട് അസാധുവായി.
യുഡിഎഫ് ധാരണ പ്രകാരം ലീഗ് അംഗം പി എം യൂനുസ് രാജിവെച്ചതാണ് തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പിന് വഴിവെച്ചത്. തുടര്‍ന്ന് അബ്ദുവിനെ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് ഇ പി കാദര്‍കുഞ്ഞ് മറുകണ്ടം ചാടുകയായിരുന്നു. അബ്ദു ഷാനയ്ക്ക് അഞ്ചു മാസത്തേക്കാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ഇദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞാല്‍ അവശേഷിക്കുന്ന ടേം ലീഗിലെ തന്നെ ടി ജി ദിനൂപിന് നല്‍കാനാണ് തീരുമാനം.
43 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസ് 16, മുസ്ലിം ലീഗ് 5, സിപിഐഎം 15, സിപിഐ രണ്ട്, കോണ്‍ഗ്രസ് വിമതരായ സ്വതന്ത്രര്‍ 5 എന്നതാണ് കക്ഷി നില. അഞ്ച് സ്വതന്ത്രന്മാരില്‍ ഒരാള്‍ എല്‍ഡിഎഫ് പക്ഷത്ത് നിലയുറപ്പിച്ചതോടെ നാല് പേരുടെ പിന്തുണയിലായിരുന്നു തൃക്കാക്കര യുഡിഎഫ് ഭരിക്കുന്നത്. ഇതിനിടയില്‍ ലീഗ് ധാരണപ്രകാരം സ്വതന്ത്ര അംഗം അബ്ദുവിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതോടെ മറ്റ് രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ അതൃപ്തി അറിയിക്കുകയായിരുന്നു. ഇതിനിടെ സിപിഐഎം സ്വതന്ത്ര അംഗമായ കാദര്‍ കുഞ്ഞിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: UDF Independent Councilor Vice Chairman at Thrikkakara