സിസിടിവിയെ കബളിപ്പിക്കാൻ പറ്റില്ലല്ലോ? കുറുവ സംഘമെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്, പൊലീസ് അന്വേഷണം

ആലപ്പുഴയിൽ കുറുവ സംഘം യുവാവിനെ ആക്രമിച്ചു

dot image

കൊച്ചി: വടക്കന്‍ പറവൂരില്‍ കുറുവ സംഘമെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തൂയിത്തറ പാലത്തിന് സമീപത്താണ് സംഘം സിസിടിവിയില്‍ പതിഞ്ഞത്. ബുധനാഴ്ച വെളുപ്പിന് ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കുറുവ സംഘം മോഷ്ടിക്കാന്‍ വന്നത് അറിയുന്നത്. ഇവര്‍ വാതില്‍ തുറക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. വടക്കേക്കര പൊലീസ് അന്വഷണം തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴയിലും കുറുവാ സംഘം ഭീതി പടര്‍ത്തി കൊണ്ടിരിക്കുകയാണ്. പുന്നപ്ര തൂക്കുകുളത്ത് ഇന്നലെ രാത്രിയും കുറുവാ സംഘം എത്തിയതായാണ് വിവരം. ചിന്മയ സ്കൂളിന് സമീപം മോഷ്ടാവിനെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു. പിടികൂടാനുള്ള ശ്രമത്തിൽ യുവാവിനെ ആക്രമിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല കുറുവാ സംഘം മോഷ്ടിച്ചിരുന്നു. അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്‍ മാലയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷ്ടിച്ചത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ വീട് ഉള്‍പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആലപ്പുഴയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുറുവാസംഘം മോഷണത്തിന് എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. മണ്ണഞ്ചേരി കോമളപുരത്ത് രണ്ട് വീടുകളിലും ചേര്‍ത്തല, കരീലക്കുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കുറവാ സംഘം മോഷണം വ്യാപകമാക്കിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മുഖം മറച്ച് അര്‍ധ നഗ്നരായി ആയുധമേന്തിയാണ് ഇവര്‍ മോഷണം നടത്താറ്.

Content Highlights: CCTV visual of Kuruva thief found

dot image
To advertise here,contact us
dot image