പെരുമ്പാവൂര്‍: സ്വന്തം വീട്ടില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. കൊച്ചി പെരുമ്പാവൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം പിറന്നാള്‍ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ആലുവ കീഴ്മാട് മേപ്പറമ്പത്ത് ആസിഫ് (19) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തും തൃക്കളത്തൂര്‍ സ്വദേശിയുമായ എല്‍ദോ കെ. വര്‍ഗീസിനെയും(35) പൊലീസ് പിടികൂടി.
വെങ്ങോലയില്‍ ആസിഫും അമ്മയും വാടകയ്ക്കാണ് താമസിക്കുന്നത്. ഇവിടെയാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 31000 രൂപയും കാറില്‍ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറും ആസിഫ് മോഷ്ടിച്ചിരുന്നു. ഇതിന് ശേഷം അമ്മയ്ക്ക് ഒപ്പം പൊലീസില്‍ പരാതി നല്‍കാനും ആസിഫ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആസിഫും സുഹൃത്തുമാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്നാണ് അറസ്റ്റ്. ഇന്‍സ്‌പെക്ടര്‍ ടി എം സൂഫി, എസ്‌ഐമാരായ റിന്‍സ് എം തോമസ്, പി എം റാസിഖ്, അരുണ്‍, സിപിഒ ജിന്‍സ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Content Highlights- man arrested for theft own home in perumbavoor