ഇടുക്കി: ജില്ലയിൽ മഴയ്ക്ക് ശമനം. കാലാവസ്ഥ അനുകൂലമായതോടെ മണ്ണിടിഞ്ഞ് തടസപ്പെട്ട കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു. റോഡിൽ കൂറ്റൻ പാറക്കല്ലുകൾ ഉൾപ്പടെ പതിച്ചതിനാൽ ഒരു വശത്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് ശ്രമം നടക്കുന്നത്. മഴ മാറി വെയിൽ തെളിഞ്ഞെങ്കിലും ഗ്യാപ്പ് റോഡിൽ അടിക്കടി ഉണ്ടാകുന്ന മൂടൽമഞ്ഞ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനെ മറികടന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറക്കല്ലുകൾ വീണ് ഗതാഗതം തടസപ്പെട്ടത്. മഴ മുന്നറിയിപ്പ് നിലനിന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ഇതുവഴിയുള്ള ഗതാഗതം പൂർണമായും ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. നിലവിൽ കാലാവസ്ഥ അനുകൂലമായതോടെയാണ് പാറക്കല്ലുകൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചത്. താത്കാലികമായി ഒരു വശത്തുകൂടി വാഹനം കടത്തിവിടുന്നതിനാണ് ശ്രമിക്കുന്നത്.
നിലവിൽ ഗതാഗതം നിലച്ചതോടെ ചിന്നക്കനാലടക്കമുള്ള പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതമാണ് നേരിടുന്നത്. ആശുപത്രി ആവശ്യങ്ങൾക്കടക്കം മൂന്നാറിലെത്താൻ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ കാലവർഷത്തിലും സമാനമായ രീതിയിൽ വലിയ മലയിടിച്ചിൽ ഉണ്ടായ പ്രദേശമാണിവിടം. ഒരു വശത്തുകൂടി ഗതാഗതം പുനഃസ്ഥാപിച്ചാലും കൂറ്റൻ പാറക്കല്ലുകൾ പൊട്ടിച്ചു നീക്കി ഗതാഗത തടസം പൂർണമായി ഒഴിവാക്കുന്നതിന് ഇനിയും താമസമെടുക്കും.