അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെത്തിച്ചേര്‍ന്നത് അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍. തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയ വിദ്യാര്‍ത്ഥി സംഘത്തിലെ കുട്ടികളാണ് എക്‌സൈസ് ഓഫീസ് ആണെന്നറിയാതെ തീപ്പെട്ടി ചോദിച്ച് ചെന്നത്.
ഓഫീസിന്റെ പിന്‍വശത്തു വാഹനങ്ങള്‍ കിടക്കുന്നത് കണ്ടപ്പോള്‍ വര്‍ക്ക്‌ഷോപ്പാണെന്ന് കരുതിയാണ് ഓഫീസിലേക്ക് കുട്ടികള്‍ കയറിയത്. പിന്‍വശത്തുകൂടി കയറിയതു കൊണ്ട് തന്നെ ഓഫീസിന്റെ ബോര്‍ഡും കണ്ടില്ല. ഉള്ളില്‍ കയറി യൂണിഫോമിട്ടവരെ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സൈസ് ഓഫീസിലാണെത്തിയതെന്ന് മനസിലായത്. ഉടന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കല്‍ നിന്ന് ഒരു ഗ്രാം ഹാഷീഷ് ഓയിലും കണ്ടെടുത്തു. വിദ്യാര്‍ത്ഥികളുടെ കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. മാതാപതാക്കളെയും വിളിച്ചു വരുത്തി. ലഹരി കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
Content Highlights: Students entered excise office for matchbox seized Ganja