തൊടുപുഴ: മോഷണം പോയ ഡാന്‍സ് ചെയ്യുന്ന ക്രിസ്മസ് പാപ്പയെ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഞറുക്കുറ്റി-കാരുപ്പാറ റോഡിന് സമീപത്തെ വ്യക്തിയുടെ സ്ഥലത്താണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മില്‍ക്കി വൈറ്റ് ഐസ്‌ക്രീം യൂണിറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഒരാള്‍ പൊക്കമുള്ള പാപ്പയെ ആണ് രണ്ടംഗ സംഘം തട്ടികൊണ്ടുപോയത്. 18, 000 രൂപയുടെ പാപ്പയാണ് മോഷണം പോയത്.
എല്ലാ ദിവസവും രാത്രി ഒമ്പതോടെയാണ് പാപ്പാനിയെ കടയ്ക്കുള്ളിലേക്ക് വെക്കാറുള്ളത്. ക്രിസ്മസ് ദിനത്തില്‍ കട അവധിയായിരുന്നു. രാത്രി പതിവുപോലെ പാപ്പാനിയെ കടയ്ക്കുള്ളില്‍ വെക്കാന്‍ പോയപ്പോഴാണ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാപ്പയാണ് മോഷ്ടിക്കപ്പെട്ടത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് പേര്‍ പാപ്പയെ എടുത്ത് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവര്‍ മുഖം മറച്ചതിനാല്‍ മോഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ഉടമ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Content Highlights: Dancing Santa found destroyed