കണ്ണൂര്: അടയ്ക്കാത്തോട്ടിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബ്ബർ തോട്ടത്തിലെ ചതുപ്പിലായിരുന്നു കടുവ. മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു വനംവകുപ്പിന്റെ തീരുമാനം. കാസർകോട് നിന്ന് വെടിവെക്കാൻ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര് ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിക്കുന്ന സാഹചര്യവുമുണ്ടായി.
ഒരാഴ്ചയായി കടുവ ജനവാസമേഖലയിലുണ്ട്. കടുവയെ പിടികൂടാൻ വനംവകുപ്പ് ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. നിരീക്ഷണത്തിനിടെയാണ് റബ്ബർ തോട്ടത്തിൽ കടുവയുണ്ടെന്ന് കണ്ടെത്തിയത്. കടുവ പ്രായമേറിയതാണെന്നും ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നുമാണ് സൂചന. ഇതിനാലാകാം കാട്ടിലേക്ക് പോകാതെ കടുവ നാട്ടില് തന്നെ തുടരുന്നത്. ദീര്ഘസമയം ഒരിടത്ത് തന്നെ തുടരുന്നുവെന്ന സ്ഥിതിയും ശാരീരിക അവശതയെയാണ് സൂചിപ്പിക്കുന്നത്. പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്.