ഇരിട്ടി: മൺപാത്ര നിർമാണ വ്യാജേന വീടിനകത്ത് ചാരായം വാറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാവശ്ശേരി സ്വദേശി കെ പി മണി (50) ആണ് മട്ടന്നൂർ എക്സൈസിന്റെ കസ്റ്റഡിയിലായത്. പ്രതിയുടെ പേരിൽ ചാരായ നിർമാണത്തിനും വാഷ് സൂക്ഷിച്ചതിനും മാഹി മദ്യം കടത്തിക്കൊണ്ടുവന്നതിനുമുളള കേസുകൾ നേരത്തെ തന്നെയുണ്ട്. മട്ടന്നൂർ എക്സൈസ് റെയ്‌ഞ്ച് ഓഫീസിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീടിനുളളിൽ അടുക്കളയോട് ചേർന്നുള്ള സ്റ്റോർറൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുളളത്. അഞ്ചുലിറ്റർ ചാരായമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും എക്സൈസ് സംഘം വീടിനുളളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ മട്ടന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുന്നതിന് കോടതി ഉത്തരവിട്ടു. മട്ടന്നൂർ ഇൻസ്പെക്ടർ ലോതർ എൽ പേരേരയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.