
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ദിവസങ്ങളായി ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന രണ്ട് യുവാക്കളെയും രണ്ടു യുവതികളെയും എക്സൈസ് സംഘം പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും എക്സൈസ് പിടികൂടി. സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികൾ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടർച്ചയായി സംഘം ലഹരി ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. വീട്ടിൽ നിന്ന് വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്.
Content Highlights-4 people arrested for staying in a lodge in Kannur and consuming drugs for days