കാഞ്ഞങ്ങാട്: കുടുംബത്തിലുണ്ടായ സൗന്ദര്യപ്പിണക്കം കാരണം രണ്ടു മക്കളിൽ ഒരാളെ കൂട്ടി ഗൾഫിലേക്ക് പോയ ഭർത്താവിനെ ഇന്റർപോളിന്റെ സഹായത്തോടെ തിരികെയെത്തിച്ച് ഭാര്യ. കാസർകോട് കാഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവായ ഷക്കീറിനെതിരെ പരാതി നൽകിയത്. തന്റെ മകനെ ഭർത്താവ് തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞാണ് യുവതി പൊലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയത്. അവസാനം ഇന്റർപോളിന്റെ സഹായത്തോടെയാണ് മകനെയും പിതാവിനെയും നാട്ടിലെത്തിച്ചത്.
നാട്ടിലെത്തിയ ഷക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ജാമ്യം നൽകുകയും ചെയ്തിരുന്നു. മകനെ മാതാവിനൊപ്പം പറഞ്ഞയച്ചു. 2022-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ചീമേനി വെള്ളച്ചാൽ സ്വദേശിയായ ഷക്കീർ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു. ഷക്കീർ മകനെയും കൂട്ടി ഗൾഫിലേക്ക് പോയതിന് പിന്നാലെ തബ്ഷീറ പൊലീസിൽ കേസ് കൊടുക്കുകയും, ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്യുകയുമായിരുന്നു. ഹൊസ്ദുർഗ് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.
തബ്ഷീറ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതിന് പിന്നാലെ കുട്ടിയെയും പിതാവിനെയും ഒരു മാസത്തിനുളളിൽ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് ഹൊസ്ദുർഗ് പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയും ഷക്കീറിനെതിരെ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഷാക്കീർ മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഇന്റർപോളിന് വിവരം ലഭിച്ചത്. തുടർന്ന് പി അജിത്കുമാറിന്റെ നേതൃത്വത്തിലുളള സംഘം മംഗളൂരു വിമാനത്താവളത്തിലെത്തി ഷക്കീറിനെയും മകനെയും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുക്കൊണ്ടു വരികയായിരുന്നു.