കാസര്‍കോട്: അക്ഷയ മാട്രിമോണിയല്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീ യുവാക്കളെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചതാണ് അക്ഷയ മാട്രിമോണിയല്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വിവാഹപ്രായം കഴിഞ്ഞവര്‍ക്കും അവിവാഹിതരുമായ യുവതീയുവാക്കള്‍ക്കും അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് വധൂവരന്മാരെ കണ്ടെത്തുന്നതാണ് പദ്ധതി.
എന്നാല്‍ പദ്ധതിക്ക് ഇതുവരെയും അംഗീകാരം ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അനുമതി തേടാന്‍ യോഗം തീരുമാനിച്ചത്. ഇതു നടപ്പാക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
വിവരശേഖരണത്തിന് ആവശ്യമായ ചെറിയ തുക രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കും. സ്വന്തം പ്രൊഫൈല്‍ തയ്യാറാക്കി അവരവര്‍ക്ക് പോര്‍ട്ടലില്‍ ഇടാം. രജിസ്‌ട്രേഷന്‍ സമയത്ത് ഐഡിയും പാസ് വേര്‍ഡും ലഭിക്കും. തുടര്‍ന്ന് ഈ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വഴിയോ അക്ഷയ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ പ്രൊഫൈലിന് 'ഇന്‍ട്രസ്റ്റ്' കൊടുക്കാം.
ഇരുവരുടെയും സ്വകാര്യത കണക്കിലെടുത്തേ പ്രൊഫൈല്‍ ബന്ധിപ്പിക്കുകയുള്ളൂ. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്തെ തന്നെ ആദ്യത്തെ സര്‍ക്കാര്‍ മാട്രിമോണിയല്‍ സംവിധാനമാകും അക്ഷയ മാട്രിമോണിയല്‍.
Content Highlights: Akshaya Matrimonial Kasargod District Panchayat to seek permission for government matrimonial