കാസര്‍കോട്: ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി കാര്‍വര്‍ണനാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നാണ് കാര്‍വര്‍ണനെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
കാര്‍വര്‍ണനും കേസിലെ മറ്റൊരു പ്രതിയും തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വേഷം മാറി നിരീക്ഷിച്ച് വരികയായിരുന്നു. കാര്‍വര്‍ണന്‍ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിടികൂടുകയായിരുന്നു.
2024 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കുന്നതിനായി എത്തിച്ച പണം പട്ടാപ്പകല്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് കവരുകയായിരുന്നു. കവര്‍ച്ചയ്ക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷ്ടാക്കളെ പൊലീസ് തിരിച്ചറിഞ്ഞത്.
മൂന്നംഗ തിരുട്ട് സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികളില്‍ ഒരാളായ മുത്തുകുമാറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന മൂന്നാമനെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Content Highlights- tamilnadu native man arrested for theft 50 lakhs rupees from kasaragod