കൊല്ലം: ഓണനാളുകളിലും കുടിവെള്ളം കിട്ടാതെ ദുരിതത്തിലാണ് കൊല്ലം പെരിനാട് ചിറക്കോണം നിവാസികൾ. നാന്തരിക്കലിലെ വാട്ടർ അതോറിറ്റിയുടെ കുഴൽക്കിണർ ഇടിഞ്ഞു താഴ്ന്നതാണ് ഇവരുടെ ദുരവസ്ഥയ്ക്ക് കാരണം. കഴിഞ്ഞ മൂന്നര മാസമായി പ്രദേശത്ത് വെള്ളം ലഭിച്ചിട്ടില്ല. ഉടൻ പുതിയ കുഴൽക്കിണർ നിർമിക്കുമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
2008 ൽ നാന്തരിക്കലിൽ നിർമ്മിച്ച കുഴൽക്കിണറിലൂടെയായിരുന്നു പെരിനാട് ചിറക്കോണത്തെ വിവിധ ഭാഗങ്ങളിൽ വെള്ളം എത്തിയിരുന്നത്. എന്നാൽ മൂന്നര മാസം മുൻപ് ഈ കിണർ ഇടിഞ്ഞു താഴ്ന്നു. കിണർ ഇനി ഉപയോഗിക്കാൻ ആകില്ലെന്ന് ഗ്രൗണ്ട് വാട്ടർ അതോറിറ്റിയും സംസ്ഥാന വാട്ടർ അതോറിറ്റിയും വിധിയെഴുതി. ഇതോടെയാണ് ചിറകോണത്തെ ജനങ്ങൾക്ക് വെള്ളം കിട്ടാതായത്. പ്രദേശത്തെ മിക്ക വീടുകളിലും കിണറില്ല. കാലവർഷം ദുർബലമായിരുന്നതിനാൽ ഉള്ള കിണറുകളിൽ വെള്ളവുമില്ലാതായി.
ദിവസവും 300 രൂപ വരെ നൽകി വെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ് ഇവർ. അതിന് പണം ഇല്ലാത്തവർ ദൂരെ വീടുകളിൽ നിന്ന് വെള്ളം ചുമന്ന് കൊണ്ട് വരും. കേരളപുരം പമ്പ് ഹൗസിൽ നിന്നും നാട്ടുവാതിക്കൽ പമ്പ് ഹൗസിൽ നിന്നും വെള്ളമെത്തിച്ച് നൽകാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായിരുന്നു. എന്നാൽ ഇത് പൂർണ്ണമായും വിജയിച്ചില്ല. എന്നാൽ പുതിയ കുഴൽ കിണർ നിർമ്മിക്കാൻ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയിൽ നിന്ന് അനുമതി ലഭിച്ചതായാണ് പഞ്ചായത്തിന്റെ വിശദീകരണം. പുതിയ കുഴൽ കിണർ വരുന്നത് വരെ വെള്ളമെത്തിക്കാനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.