ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയിൽ കരോൾ സംഘത്തിന് ഉൾപ്പടെ 25 ലധികം ആളുകൾക്ക് നേരെ പേപ്പട്ടി ആക്രമണം. ഇന്നലെ രാത്രിയാണ് ശാസ്താംകോട്ട മനക്കരയിൽ കരോൾ സംഘത്തെയും നാട്ടുകാരെയും പേപ്പട്ടികടിച്ചത്.
കെട്ടഴിഞ്ഞ് ഓടിയ വളർത്തുനായ കടിച്ചാണ് ശാസ്താംകോട്ട മനക്കരയിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റത്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് ശനിയാഴ്ച രാത്രി ഏഴരയോടെ ആക്രമണം നടത്തിയത്. കുറച്ച് ദിവസങ്ങളായി എവിടെനിന്നോ എത്തിയ ഈ നായ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്നു. വീട് നോക്കാൻ ഏൽപ്പിച്ചയാൾ ശനിയാഴ്ച വൈകീട്ട് ഗേറ്റ് തുറന്നപ്പോൾ നായ പുറത്തു ചാടുകയായിരുന്നു. പുറത്തിറങ്ങിയ നായ വഴിയിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. കടിയേറ്റ മിക്കവരുടെയും പരിക്ക് ഗുരുതരമാണ്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനക്കര കല്ലറയിൽ വീട്ടിൽ മഹിളാമണിയമ്മ(83)യെയാണ് നായ ആദ്യം കടിക്കുന്നത്.ഇവർ പൂജാമുറിയിൽനിന്നു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഓടിയെത്തിയ നായ ചാടിവീണ് ആക്രമിക്കുകയും വലതു കൈപ്പത്തിയിലെ മാംസം കടിച്ചെടുത്ത് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. ഇതിന് ശേഷം നായ തകരാറിലായ കാറിൻ്റെ മുന്നിൽ നിൽക്കുകയായിരുന്ന വേങ്ങ ഷാജില മാൻസിലിൽ ഷെമീറിന്റെ മുന്നിലേക്ക് ചാടിവീണ നെഞ്ചിൽ ആഴത്തിൽ കടിച്ചുമുറിവേൽപ്പിച്ചു. പിന്നാലെയാണ് കരോൾ സംഘത്തിന് നേരെ നായ പാഞ്ഞടുത്തത്. കരോൾ സംഘത്തിലുണ്ടായിരുന്ന ഇഞ്ചക്കാട് വിളയിൽ വീട്ടിൽ അനന്തകൃഷ്ണൻ, രാജേഷ് ഭവനത്തിൽ അനന്ദു എന്നിവരെ നായ കടിച്ചുകുടഞ്ഞു. ഇരുവർക്കും ആഴത്തിൽ പരിക്കേറ്റു. നായയെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് പ്രദേശത്ത് വലിയ ഭീതി പരത്തിയിട്ടുണ്ട്. പൊലീസും അഗ്നിരക്ഷാസംഘവും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
content highlight-A mob attacked a Christmas carol group, leaving many seriously injured