കൊല്ലം: കടയ്ക്കലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കല്ലുവെട്ടാന്‍കുഴി സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കവിതയെ കൈക്കും കാലിനും പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടുവെയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ പഞ്ചായത്തില്‍ നിന്ന് ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെവെച്ച് വഴക്കുണ്ടാകുകയും കവിതയേയും അമ്മയേയും ഇറക്കിവിടാന്‍ ബിജു ശ്രമിക്കുകയും ചെയ്തു. ഇതോടെ കവിതയും അമ്മയും തൊട്ടടുത്ത് വാടകവീട്ടിലേക്ക് താമസം മാറി. ഈ വാടകവീട്ടില്‍ വെച്ചാണ് കവിതയെ ബിജു ആക്രമിച്ചത്.
നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ പൊള്ളലേറ്റ നിലയില്‍ കവിതയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ബിജു സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലുമാണ് ബിജുവിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Content Highlights- husband arrested for acid attack wife in kollam