
പുനലൂര്‍: രേഖകളില്ലാതെ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 4,40,3,700 രൂപ പുനലൂരില്‍ റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണസേന (ആര്‍പിഎഫ്)യും ചേര്‍ന്ന് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മധുര സ്വദേശി അഴകപ്പന്‍ (58), വിരുദുനഗര്‍ സ്വദേശി ചുടലമുത്തു (58) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കുവന്ന കൊല്ലം-എഗ്മോര്‍ തീവണ്ടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. തീവണ്ടിമാര്‍ഗം ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിപദാര്‍ഥങ്ങളും കുഴല്‍പണവും എത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു പണം കണ്ടെത്തിയത്.
തുണികൊണ്ട് പ്രത്യേകം തുന്നി അരയില്‍ ധരിച്ചിരുന്ന ബെല്‍റ്റിലാണ് ഇത്രയം പണം സൂക്ഷിച്ചിരുന്നത്. റെയില്‍വേ പൊലീസ് എസ്എച്ച്ഒ ജി ശ്രീകുമാറിന്റെയും ആര്‍ പി എഫ് എഎസ്ഐ തില്ലൈ നടരാജന്റെയും നേതൃത്വത്തില്‍ ഇരുവരേയും ചോദ്യം ചെയ്തെങ്കിലും പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ ഉറവിടം വെളിപ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.
കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികള്‍ വഴി സംസ്ഥാനത്തേക്ക് പണം കടത്തിക്കൊണ്ടുവരുന്ന സംഭവം അടുത്തിടെയായി വര്‍ധിച്ചിക്കുകയാണ്. ഇക്കഴിഞ്ഞ അഞ്ചിന് ഇതേ തീവണ്ടിയില്‍ നിന്നും 37.10 ലക്ഷം രൂപയുമായി പത്തനാപുരം കുണ്ടയം സ്വദേശി ഷാഹുല്‍ ഹമീദ് (56) എന്നയാളെ പുനലൂരില്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലും ഇതേ തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ) പിടിച്ചെടുത്ത്, മധുര കാമരാജ്ശാലയില്‍ എസ്.സുരേഷി (65) നെ കസ്റ്റഡിയിലെടുത്തു.നവംബറില്‍ മധുരയില്‍ നിന്നും പുനലൂര്‍ വഴി വന്ന ഗുരുവായൂര്‍ എക്‌സ്പ്രസില്‍ നിന്നും 35.92 ലക്ഷം രൂപ സമാനരീതിയില്‍ പുനലൂര്‍ റെയില്‍വേ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനാ (52) ണ് കസ്റ്റഡിയിലായത്.
Content Highlight : 4 lakh rupees smuggled in the train was seized