കോട്ടയം: കൊല്ലം ശൂരനാട് സ്വദേശി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ വീണു മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ചങ്ങനാശേരി പൊലീസിന്റെ കണ്ടെത്തൽ.
വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാൻ നിവാസിൽ റംസാൻ അലി (36)യെ റെയിൽവേ ജംക്ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. സമീപത്തെ കോൺക്രീറ്റ് മതിൽ ദേഹത്തു വീണ നിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിച്ചിരുന്നു. എന്നാൽ ഓടയിൽ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയിൽ കോൺക്രീറ്റ് മതിലിൽ പിടിച്ചപ്പോൾ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തിൽ വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണം. സംഭവസമയം റംസാൻ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കാത്തിരിപ്പുകേന്ദ്രത്തിൽ ഉറങ്ങാൻ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോൾ നിലതെറ്റി ഓടയ്ക്കുള്ളിൽ വീണതായിരിക്കാമെന്നും പൊലീസ് അറിയിച്ചു.
'പണിയെടുത്തു, പണം നൽകിയില്ല, സിനിമ ഒടിടിയിൽ റിലീസ് ചെയ്യരുത്'; പരാതി നല്കി കോസ്റ്റ്യൂം ഡിസൈനർപൊലീസ് പരിശോധനയിൽ സംഭവസ്ഥലത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചങ്ങനാശേരിയിൽ കർട്ടന്റെയും ചവിട്ടുവിരിയുടെയും ഇൻസ്റ്റാൾമെന്റ് വ്യാപാരമാണ് റംസാന്. സ്റ്റോക്ക് എടുക്കാൻ ബെംഗളൂരുവിലേക്കു പോകണമെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ വ്യാഴാഴ്ച രാത്രി 11.30ന് റംസാൻ റെയിൽവേ ജംക്ഷനു സമീപത്തെ തട്ടുകടയിൽ ആഹാരം കഴിച്ചതിനു ശേഷം കാത്തിരിപ്പു കേന്ദ്രത്തിന്റെ സമീപത്തേക്കായി നടന്നു പോകുന്നുണ്ട്.
ചങ്ങനാശേരി റെയിൽവേ ജംക്ഷനിൽ വാഴൂർ റോഡിൽ റെയിൽവേ മേൽപാലത്തിനു സമീപമാണ് കാത്തിരിപ്പുകേന്ദ്രം. സംരക്ഷണഭിത്തിയില്ലാത്ത താൽക്കാലികമായ ഷെഡ് പുരയാണിത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ തൊട്ടു പിറകിലായാണ് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ഓടയുള്ളത്. ഈ ഓടയിലേക്കാണ് റംസാൻ വീണത്. വഴിവിളക്കുകളും വെളിച്ചവുമില്ലാത്തതിനാൽ റംസാൻ ഓടയിൽ കിടന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. വ്യാഴാഴ്ച രാത്രി 11.30നും 11.45നും ഇടയിലാകാം റംസാൻ അപകടത്തിൽ പെട്ടതെന്നു പൊലീസ് കരുതുന്നു. പിറ്റേദിവസം രാവിലെ റോഡിലൂടെ പോയവരാണ് ഓടയ്ക്കുള്ളിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.