കോട്ടയം: പ്രണയിച്ച പെൺകുട്ടി വിദേശത്തേക്ക് പോയ ദേഷ്യത്തിൽ സ്വകാര്യ ചിത്രങ്ങൾ പെൺകുട്ടിയുടെ അച്ഛൻ്റെ ഫോണിലേക്ക് അയച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം കടുത്തുരുത്തി സ്വദേശി ജോബി(19)നാണ് പിടിയിലായത്. വെർച്വൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിദേശ നമ്പറുകൾ വഴിയാണ് ചിത്രങ്ങൾ പെൺകുട്ടിയുടെ അച്ഛൻ്റെ വാടാസാപ്പിലേക്ക് അയച്ചത്. ഐപി അഡ്രസ്സോ സിമ്മോ കണ്ടെത്താൻ സാധിക്കാത്ത വ്യാജ നമ്പറുകളായിരുന്നു ഇത്.
ചിത്രങ്ങൾ കാണാൻ വൈകിയാൽ വാട്സാപ്പിലൂടെ വിളിച്ച് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഒറ്റത്തവണ കാണാൻ പറ്റുന്ന രീതയിലാണ് ചിത്രങ്ങൾ അയച്ചത്. യുവാവിന്റെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.
താനുമായി അടുപ്പമുണ്ടായിരുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് വിദേശത്തേക്ക് അയച്ചതാണെന്നായിരുന്നു ജോബിൻ വിശ്വസിച്ചിരുന്നത്. ഇതിൽ പ്രകോപിതനായ പ്രതി പ്രതികാരം വീട്ടുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തി കഴിഞ്ഞ ദിവസമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജോബിൻ്റെ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സോഫ്റ്റവെയർ ടെക്നീഷ്യനാണ് ജോബിൻ. യൂട്യൂബിലൂടെയാണ് യുവാവ് ഹാക്കിങ് പഠിച്ചത്.