കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് നടുറോഡില്‍ രക്തം വാര്‍ന്ന് കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. വണ്ടിപ്പെരിയാര്‍ സ്വദേശി അഭിജിത്താണ് അപകടത്തില്‍പ്പെട്ടത്. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അഭിജിത്ത് ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്‌കൂട്ടറിലും ഇടിച്ചാണ് അപകടമുണ്ടായത്. കോട്ടയം-കുമളി റോഡില്‍ ചോറ്റി നിര്‍മലാരം കവലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. രക്തം വാര്‍ന്ന് അഭിജിത്ത് മണിക്കൂറുകളോളം റോഡില്‍ കിടന്നു. ഇതിനിടെ അതുവഴി വന്ന കെഎസ്ആര്‍ടിസി ബസ് യുവാവിനെ കാണുകയും നിര്‍ത്തുകയുമായിരുന്നു.
കണ്ടക്ടര്‍ കൂരോപ്പട സ്വദേശി ജയിംസ് കുര്യനും ഡ്രൈവര്‍ ചെറുവള്ളി സ്വദേശി കെ ബി രാജേഷും ബസില്‍ നിന്ന് ഇറങ്ങി യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ റോഡില്‍ നിന്ന് ഒരു വശത്തേയ്ക്ക് മാറ്റിക്കിടത്തി. ആശുപത്രിയില്‍ എത്തിക്കാനായി വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ ജയിംസ് കുര്യനും രാജേഷും ചേര്‍ന്ന് അഭിജിത്തിനെ ബസില്‍ കയറ്റി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായാണ് വിവരം.