നിരവധി മോഷണക്കേസുകളിൽ പ്രതി; 'സ്മോൾ ബണ്ടിച്ചോർ' പിടിയിൽ

വൈക്കം ടൗണിലെ രണ്ട് ജ്വല്ലറിയിലടക്കം നാല് കടകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു

dot image

വൈക്കം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ മധ്യപ്രദേശ് ബഡ്ഗാവൂൺ സ്വദേശി 'സ്മോൾ ബണ്ടിച്ചോർ' എന്നറിയപ്പെടുന്ന ദൻരാജ് യദുവൻഷി (25) ആലപ്പുഴയിൽ പിടിയിൽ. വൈക്കം ടൗണിലെ രണ്ട് ജ്വല്ലറിയിലടക്കം നാല് കടകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. കൈനടി പൊലീസ് കഴിഞ്ഞ 17-നാണ് പ്രതിയെ പിടികൂടിയത്.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ വൈക്കത്ത് നടത്തിയ മോഷണത്തെക്കുറിച്ച് പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. 16-ന് പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് പടിഞ്ഞാറെനട അന്ധകാരത്തോടിന് സമീപമുള്ള രശ്മി ഫാഷൻ ജ്വല്ലറി, സിൽവർ കാസിൽ, ന്യൂബെസ്റ്റ് ബേക്കേഴ്സ്, എസ് മഹാദേവ അയ്യർ വസ്ത്രവ്യാപാരസ്ഥാപനം എന്നിവിടങ്ങളിൽ മോഷണം നടന്നത്. ബേക്കറിയിൽ നിന്ന് 2800 രൂപയും വസ്ത്ര വ്യാപാരസ്ഥാപനത്തിൽ നിന്ന് 500 രൂപയും നഷ്ടപ്പെട്ടിരുന്നു.

മുഖം മറച്ചും ഷൂസും കൈയുറകളും ധരിച്ചും എത്തിയ ദൻരാജിന്റെ ദൃശ്യങ്ങൾ കടകളിലെ സിസിടിവികളിൽ പതിഞ്ഞിരുന്നു. ഇയാളെ കൈനടി പൊലീസ് വൈക്കത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 17-ന്‌ രാത്രി കൈനടി ചെറുകര നെടുംതട്ടാംവീട്ടിൽ ശ്രീധരൻ ഉണ്ണിയുടെ വീട്ടിൽ മോഷണശ്രമം നടത്തിയിരുന്നു. ഈ കേസിലാണ് ദൻരാജ് അറസ്റ്റിലായത്.

അന്ന് വൈകിട്ട് നാലുമണിയോടെ വാലടിഭാഗത്തുവെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വൈക്കത്തിന് പുറമേ ചെങ്ങന്നൂരിൽ ഹാർഡ്‌വെയർ ഷോപ്പിൽനിന്ന് 40,000 രൂപ കവർന്നതായും തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജ്വല്ലറിയിൽനിന്ന് വെള്ളിയാഭരണങ്ങളും പണവും മോഷ്ടിച്ചതായും ആലപ്പുഴയിലെ ജ്വല്ലറിയിൽനിന്ന് വെള്ളിയാഭരണങ്ങളും 10 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും കവർന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

17-ാം വയസ്സിൽ വീടുവിട്ടിറങ്ങിയ ദൻരാജ് ഭോപ്പാലിലെ ഫാക്ടറികളിലും കടകളിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ നിന്നാണ് ആദ്യം മോഷണം തുടങ്ങിയത്. ബൈക്കിൽ കിലോമീറ്ററോളം സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

content highlights: Man known as 'small bandi chor' arrested

dot image
To advertise here,contact us
dot image