പെരുവ: വെള്ളൂരിൽ വ്യാപാര സ്ഥാപനങ്ങളിലും വീട്ടിലും മോഷണം നടന്നു. വെള്ളൂർ( പിറവം റോഡ് ) റെയിൽവേ സ്റ്റേഷന് സമീപം കിഴക്കേപ്പറമ്പിൽ ഗോപാലകൃഷ്ണൻ്റെ വീട്ടിൽ നിന്ന് 24900 രൂപയും വെള്ളൂർ ജംഗ്ഷനിലുള്ള മണികണ്ഠൻ ഹോട്ടലിൽ നിന്ന് 5000 രൂപയുടെ ചില്ലറയും ആണ് മേഷ്ടാവ് കവർന്നത്. സമീപത്തെ വീടുകളിൽ മോഷണശ്രമവും നടന്നു. ചൊവ്വാഴ്ച വെളുപ്പിനാണ് കവർച്ച നടത്തിയത്.
ഈ മേഖലയിൽ കള്ളൻമാർ ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചതിനാൽ പൊലിസ് എല്ലാ വീടുകളിലെയും പുറത്തെ ലൈറ്റ് തെളിച്ച് ഇടണമെന്ന് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് പെട്രോളിംഗിനിടയിൽ മോഷണം നടന്ന ഗോപാലകൃഷ്ണൻ്റെ വീട്ടിൽ ലൈറ്റ് തെളിയാത്തത് ശ്രദ്ധയിൽപെട്ട പൊലീസ് രാത്രി രണ്ടോടെ ഗോപാലകൃഷ്ണനെ വിളിച്ച് ഉണർത്തി ലൈറ്റ് തെളിയിച്ച ശേഷമാണ് പൊലീസ് പോയത്.
പൊലീസ് പോയ ശേഷം വാതിലടക്കാതെ കസേരയിൽ ഇരുന്ന് ഗോപാലകൃഷ്ണൻ ഉറങ്ങി പോയി. ഈ സമയം കള്ളൻ വീട്ടിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ചിട്ടി പിടിച്ചു കിട്ടിയ തുകയും സ്വർണ്ണവും മോഷ്ടിക്കുകയായിരുന്നു. സ്വർണ്ണം മുക്കു പണ്ടമാണെന്ന് മനസിലാക്കിയ കള്ളൻ സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചു. തുടർന്ന് മോഷ്ടാവ് കിഴക്കേപറമ്പിൽ രവിന്ദ്രൻ്റെ വീട്ടിലെ വാതിൽ മുട്ടി മോഷണം ശ്രമം നടത്തിയിരുന്നു. വീട്ടുകാർ ബഹളം വച്ചതിനാൽ മോഷണം നടത്താൻ കഴിഞ്ഞില്ല. സമീപത്തെ പുത്തൻപറമ്പിൽ ബാബുവിൻ്റെ വീട്ടിലെത്തിയ കള്ളൻ അവരുടെ മകൾ ഓൺലൈൻ ജോലി ചെയ്തു കൊണ്ടിരുന്നതിനാൽ മോഷണശ്രമം വിഫലമായി. ജംഗ്ഷനിലെ മണികണ്ഠ ഹോട്ടൽ കുത്തിത്തുറന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഏകദേശം അയ്യായിരം രുപായുടെ ചില്ലറ നാണയമാണ് കവർന്നത്. കോട്ടയത്ത് നിന്ന് വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. മോഷ്ടാവിൻ്റെ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ നിന്നും പൊലിസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളിൽ വീടിന് പുറത്തെ ലൈറ്റുകൾ തെളിച്ച് ഇടണമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയിട്ടുണ്ട്.
Content Highlights: In Vellore, there were thefts from shops and homes