
ചങ്ങനാശ്ശേരി: ലഹരിക്ക് അടിമയായ യുവാവിന്റെ ആക്രമണത്തില്‍ സഹോദരിക്ക് ഗുരുതര പരിക്ക്. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. മാടപ്പള്ളി മാമ്മൂട് വെളിയം ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ ലിജോ സേവ്യറാണ്(27)സഹോദരിയെ ക്രൂരമായി ആക്രമിച്ചത്. കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സഹോദരിയുടെ നെറ്റിയുടെ ഒരു ഭാഗം മുതല്‍ ചെവി വരെ ആറിഞ്ച് നീളത്തില്‍ കുത്തിക്കീറുകയായിരുന്നു. സംഭവത്തില്‍ യുവാവിനെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് നിന്ന് പത്ത് ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു നഴ്‌സായിരുന്ന യുവതി. ചൊവ്വാഴ്ച രാത്രി ബാറില്‍ നിന്ന് മദ്യപിച്ച് രാത്രി പതിനൊന്ന് മണിയോടെ ലിജോ വീട്ടില്‍ എത്തി. ഇയാള്‍ക്കൊപ്പം വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമുണ്ടായിരുന്നു. യുവതിയെ വീട്ടില്‍ തനിക്കൊപ്പം താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളം ഉണ്ടാക്കി. എന്നാല്‍ സഹോദരി ഇത് എതിര്‍ത്തു. ഇതോടെ സഹോദരിയുമായി ഇയാള്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണശേഷം ഓടിപ്പോയ ഇയാളെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് പിടികൂടിയത്.
എട്ടുമാസം മുന്‍പ് ബെംഗളൂരുവില്‍ നിന്ന് 22 ഗ്രാം എംഡിഎംഎയുമായി എത്തിയ ഇയാളെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസം ഇയാള്‍ റിമാന്‍ഡിലായിരുന്നു. മുന്‍പ് പോക്‌സോ കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് കേസുകളിലും സഹോദരിയായിരുന്നു ഇയാളെ ജാമ്യത്തില്‍ ഇറക്കിയത്. ലഹരി ഉപയോഗിച്ച് ഇയാള്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. മുന്‍പ് മാതാപിതാക്കളെയും പ്രതി ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഹരിക്കടത്ത് കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights- Woman brutally attacked by brother in Changanassery