കൊഴിക്കോട്: ഇന്ധന ക്ഷാമത്തിൽ വലഞ്ഞിരിക്കുകയാണ് കോഴിക്കോട്ടെ എൽപിജി ഓട്ടോ ഉടമകൾ. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് പമ്പ് ഉടമകൾ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ നൽകിയ പരാതികളിൽ ഇനിയും നടപടി ഉണ്ടായിട്ടില്ല. കോഴിക്കോട് നഗരത്തിൽ 1500ൽ പരം ഓട്ടോറിക്ഷകളാണ് എൽപിജി ഇന്ധനത്തിൽ ഓടുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരാഴ്ച മാത്രമാണ് ഇവിടെ എൽപിജി വിതരണം നടന്നത്. എന്നാൽ പല കാരണങ്ങൾ നിരത്തി പമ്പുടമ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നുവെന്ന് കാട്ടി രണ്ട് മാസങ്ങൾക്ക് മുമ്പ് ഓട്ടോ തൊഴിലാളികൾ നൽകിയ പരാതിയിൽ താലൂക്ക് സപ്ലൈ ഓഫീസർ പരിശോധന നടത്തി. ഉപകരണത്തിൽ ചില നൂനതകൾ ബോധ്യപ്പെടുകയും ചെയ്തു.
ഇത് പരിഹരിച്ച് ഒരാഴ്ചയ്ക്കകം ഇന്ധന വിതരണം പുനഃസ്ഥാപിച്ചു. എന്നാൽ വീണ്ടും മുടങ്ങി. പക്ഷേ നടപടി ഉണ്ടായില്ല. പരാതിക്ക് മറുപടിയുമില്ല. എൽപിജി ഒഴിവാക്കി സിഎൻജി യിലേക്ക് മാറണമെങ്കിൽ 40000 രൂപയിൽ ഏറെയെങ്കിലും ചിലവ് വരും. ഒപ്പം നിയമ കുരുക്കും. നിലവിൽ നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കുണ്ടായിത്തോടുള്ള പമ്പിനെയാണ് ഓട്ടോറിക്ഷകൾ എൽപിജിക്കായി ആശ്രയിക്കുന്നത്.