കോഴിക്കോട്: പുസ്തക പ്രസാധക രംഗത്ത് വേറിട്ട വഴികള് വെട്ടിത്തുറന്ന ഒലീവ് ബുക്സ് കോഴിക്കോട്ട് പുതിയ ഷോറൂം തുറന്നു. നഗരത്തില് മാവൂര് റോഡ് നൂര് കോംപ്ലക്സില് പുതുതായി പ്രവര്ത്തനം ആരംഭിച്ച പുസ്തകശാലയുടെ ഉദ്ഘാടനം എഴുത്തുകാരന് ഉണ്ണി ആര് നിര്വഹിച്ചു. 'നല്ല പുസ്തകങ്ങള്ക്കൊരു മേല്വിലാസ'വുമായി പുസ്തക പ്രസാധകരംഗത്ത് നേതൃപരമായ പങ്കാണ് ഒലിവ് ബുക്സ് നിര്വഹിക്കുന്നതെന്നും വിപുലമായ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള് ഉള്പ്പെടുത്തി പലവിധ വായനക്കാരെ പരിഗണിച്ചുകൊണ്ട് പുതിയ പുസ്തകശാല സജ്ജീകരിച്ചിട്ടുള്ളത് അഭിമാനാര്ഹമാണെന്നും ഉണ്ണി ആര് പറഞ്ഞു.
ഒലീവ് ബുക്സ് ചെയര്മാന് ഡോ. എം കെ മുനീര് എംഎല്എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുതിര്ന്ന എഴുത്തുകാരായ പി കെ പാറക്കടവ്, യു കെ കുമാരന്, കെ പി രാമനുണ്ണി, നവാസ് പൂനൂര്, ദിലീപ് രാജ്, അസീസ് തരുവണ, പ്രസാധകരായ നൗഷാദ്, മനോഹര് പൂര്ണ, ജോസി സൈലന്സ്, സിദ്ദിഖ് വചനം ബുക്സ്, മണിശങ്കര് ജ്ഞാനേശ്വരി, ജയകൃഷ്ണന് ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്, ഹാറൂണ് യുവത, സുമേഷ് ഇന്സൈറ്റ് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.