താമരശ്ശേരി: വീടുകളിലെ കിടപ്പറയിലേക്ക് എത്തിനോക്കുന്ന ബ്ലാക്ക്മാനെ പിടികൂടാൻ നാട്ടുകാർ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. പരപ്പൻപൊയിൽ-കത്തറമ്മൽ റോഡരികിലെ ഒരു വീടിന്റെ രണ്ടാംനിലയിൽ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയ്യോടെ പൊക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ്. നാട്ടുകാർ മാഷ് എന്ന് വിളിക്കുന്ന യുവാവാണ് പിടിയിലായത്. കിടപ്പറയിലേക്ക് എത്തിനോക്കുന്നവരെ പിടികൂടാൻ കോരങ്ങാട് മേഖലയിൽ ‘കള്ളനെ പിടിക്കാൻ’ എന്ന പേരിലുണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുഖ്യ അഡ്മിനുമാണ് ഇയാൾ!
വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി എല്ലാവരെയും അംഗങ്ങളാക്കി, രാത്രി ഉറങ്ങാതെ കാവലിരിക്കാനും ജാഗ്രത കാണിക്കാനും നാട്ടുകാരെ ഇളക്കിവിട്ടയാൾ തന്നെയാണ് ഒരുവർഷത്തോളമായി തങ്ങളുടെ ഉറക്കംകളഞ്ഞതെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ഞെട്ടി. മാഷിനെ വേണ്ടുംവിധം കൈകാര്യം ചെയ്യാനും തീരുമാനിച്ചു. എന്നാൽ, യുവാക്കളുടെ മർദ്ദനം അതിരുകടക്കാതിരിക്കാൻ മുതിർന്നവർ ഇടപെടുകയും ‘പ്രതി’യെ സമീപത്തെ ഗോഡൗണിലേക്ക് മാറ്റുകയുമായിരുന്നു. കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കാനല്ല, മോഷണം നടത്താനാണ് താൻ വന്നതെന്ന് പറയാനും മാഷ് ശ്രമിച്ചു. പിന്നാലെ യുവാവിനെ താമരശ്ശേരി പൊലീസെത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ, ആരും പരാതിനൽകാതിരുന്നതിനാൽ ഇയാളെ കേസെടുക്കാതെ വിട്ടയച്ചു. യുവാവ് കുടുംബസമേതം പ്രദേശത്തുനിന്ന് താമസം മാറുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾക്കു സമീപം പതുങ്ങിയിരുന്ന് രാത്രിയാകുന്നതോടെ കിടപ്പറയിലേക്ക് എത്തിനോക്കുന്നതായിരുന്നു മാഷിന്റെ പതിവെന്നാണ് പിന്നാലെ പുറത്തുവരുന്ന വിവരം. ഒന്നരവർഷംമുൻപാണ് ഇയാൾ കോരങ്ങാട്ട് വാടകയ്ക്കു താമസം തുടങ്ങിയത്. മുൻപ് പലതവണ നാട്ടുകാർ ബ്ലാക്ക്മാനെ വളഞ്ഞിരുന്നെങ്കിലും അതിവിദഗ്ധമായി ഓടിമറയുകയായിരുന്നു. അൽപസമയം കഴിഞ്ഞ് സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം തിരച്ചിലിനും കൂടും. നാട്ടുകാരുടെ ശ്രദ്ധതിരിച്ച് അവരെ വലയ്ക്കാനും തന്നെ ആരെങ്കിലും സംശയിക്കുന്നുണ്ടോയെന്ന് അറിയാനുമൊക്കെ വാട്‌സാപ്പ് ഗ്രൂപ്പാണ് ‘അഡ്മിന്’ തുണയായത്. മുകൾനിലയിലെ ജനലിനപ്പുറത്ത് ആളനക്കംകണ്ട് വീട്ടിലെ പെൺകുട്ടി സമീപവാസികളെ വിളിച്ചറിയിച്ചതോടെയാണ് കഴിഞ്ഞ ദിവസം യുവാവ് താഴേക്ക് എടുത്തുചാടുകയും നാട്ടുകാർ പിടികൂടുകയും ചെയ്തത്. സിനിമാസ്റ്റൈൽ തന്ത്രം പ്രയോഗിച്ച അഡ്മിനെ താമസസ്ഥലത്തിന് അഞ്ചുകിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പരിസരത്തുനിന്നാണ് പിടികൂടിയത്.