ഒളവണ്ണ: ഒളവണ്ണയിലെ ജനസംഖ്യയും ജനസാന്ദ്രതയും കണക്കിലെടുത്ത് ഒളവണ്ണ പഞ്ചായത്തിനെ മൂന്ന് ഗ്രാമ പഞ്ചായത്തുകളായി വിഭജിക്കാന് സര്ക്കാര് ഉത്തരവിറക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് പ്രവര്ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് വിഭജന ആവശ്യം മുമ്പും പല കോണിൽ ഉയര്ന്നിരുന്നുവെങ്കിലും തങ്ങളുടെ രാഷ്ട്രീയ ആധിപത്യത്തിന് കോട്ടം തട്ടുമെന്ന് കരുതി ഒളവണ്ണയിലെ നിലവിലെ ഭരണസമിതിയും സര്ക്കാരും അതിനോട് മുഖം തിരിഞ്ഞ് നില്ക്കുകയാണെന്നും പ്രവർത്തക സമിതി പറഞ്ഞു.
പഞ്ചായത്തുകൾ വിഭജിച്ച് കൂടുതല് പഞ്ചായത്തുകള് രൂപീകരിക്കുന്ന പക്ഷം ആളോഹരി സേവനം വര്ദ്ധിപ്പിക്കുവുാനും ജനങ്ങള്ക്ക് കൂടുതല് സേവനങ്ങള് ലഭ്യമാക്കുവാനും സാധിക്കുമെന്നാണ് മുസ്ലിം യൂത്ത് ലീഗ് പറയുന്നത്. അത് പോലെ കൃഷി ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ഡിസ്പന്സറി, ആയൂര്വേദ ക്ലിനിക്കുകള് പോലെയുള്ള സേവനങ്ങളും പഞ്ചായത്തുകള്ക്ക് വിവിധയിടങ്ങളില് നിന്നും ലഭിക്കുന്ന ഫണ്ടുകളും കൂടുതല് ലഭ്യമാക്കാന് സാധിക്കുമെന്നും യോഗം വിലയിരുത്തി.
2011 ലെ സെന്സസ് പ്രകാരം 68,432 ആണ് ഒളവണ്ണയിലെ ജനസംഖ്യ. സെൻസസ് കഴിഞ്ഞിട്ട് 14 വര്ഷം കഴിഞ്ഞതിനാല് നിലവില് ഏകദേശം ഒരു ലക്ഷത്തോളം ജനസംഖ്യയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. പതിനായിരത്തില് താഴെ മാത്രം ജനസംഖ്യയുള്ള 14 ഗ്രാമ പഞ്ചായത്തുകളും പതിനയ്യായിരത്തില് താഴെ മാത്രം ജനസംഖ്യയുള്ള 85 ഗ്രാമ പഞ്ചായത്തുകളും കേരളത്തില് നിലനില്ക്കുമ്പോഴാണ് അതിന്റെ ആറിരട്ടി ജനസംഖ്യയുള്ള ഒളവണ്ണ പഞ്ചായത്ത് ഒരു ഗ്രാമ പഞ്ചായത്തായി തുടരുന്നത്. നിലവിലെ സര്ക്കാര് ഉത്തരവ് പ്രകാരം പരമാവധി 24 വാര്ഡുകള് മാത്രമാണ് ഒരു പഞ്ചായത്തില് ഉണ്ടാവുക. അത് പ്രകാരം ഒളവണ്ണയിലെ ഒരു വാര്ഡിലെ ശരാശരി ജനസംഖ്യ 2,851 ആണ്. കേരളത്തിലെ ഒരു വാര്ഡിലെ ശരാശരി ജസംഖ്യ 1,503 ആണ്. ഇതിന്റെ ഇരട്ടിയോളം ജനസംഖ്യയാണ് ഒളവണ്ണയിലെ ഒരോ വാര്ഡിലും ഉണ്ടാവുക എന്നും മുസ്ലിം യൂത്ത് ലീഗ് ഒളവണ്ണ പ്രവർത്തക സമിതി പ്രമേയം പറഞ്ഞു. പ്രസിഡന്റ് സി എം മുഹാദ് അദ്ധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന് കെ മുഹ്സിന് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.