കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർഥാടകർക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40,000 രൂപയോളം അധികം ചെലവായേക്കും. കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് 125,000 രൂപയാണ് ടെൻഡറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരിൽ 87,000 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെൻഡർ നിശ്ചയിച്ചിട്ടില്ല.
കേരളത്തിൽ നിന്ന് നിലവിൽ 15,231 പേരാണ് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 5755 പേർ കോഴിക്കോടുനിന്നും 4026 പേർ കണ്ണൂരിൽ നിന്നും 5422 പേർ കൊച്ചിയിൽ നിന്നുമാണ് പുറപ്പെടുന്നത്. കണ്ണൂരിലും കൊച്ചിയിലും കഴിഞ്ഞ വർഷത്തെ നിരക്ക് സൗദി എയർലൈൻസ് നിലനിർത്തിയപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് വർധിപ്പിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ വർഷം 121,000 രൂപയായിരുന്നു കരിപ്പൂരിലെ വിമാനടിക്കറ്റ് നിരക്ക്. കണ്ണൂരിൽ 87,000 രൂപയും കൊച്ചിയിൽ 86,000 രൂപയുമാണ് ഈടാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ വർഷം കരിപ്പൂരിൽ 165,000 രൂപയായിരുന്നു ടെൻഡർ ഉറപ്പിച്ചിരുന്നത്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് നിരക്ക് പുനഃക്രമീകരിച്ചാണ് 121,000 രൂപയാക്കിയത്.
കരിപ്പൂരിലെ ഹജ്ജ് യാത്രയ്ക്കുള്ള അധിക ചാര്‍ജിനെതിരെ കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ചെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. വിമാനക്കമ്പനികളുടെ രീതി ശരിയല്ലെന്നും ചാര്‍ജ് കുറയ്ക്കാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കടുത്ത ചൂഷണമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഹജ്ജ് യാത്രക്കാരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളമാണ്, അതിനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു. ഹജ്ജ് തീർത്ഥാടകരെ പരമവാധി ദ്രോഹിക്കുന്ന അനങ്ങാപ്പാറ നയമാണ് സംസ്ഥാന സർക്കാരിൻ്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Content Highlight : Hajj 2025; 40,000 more for travel from Karipur