കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ വിമർശനം തള്ളാതെ സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. സിപിഐഎമ്മിൽ വനിതാ ഏരിയ സെക്രട്ടറിമാർ ഇല്ലാത്തതിൻ്റെ പോരായ്മ ഉണ്ടെന്നും ബോധപൂർവ്വം അത് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
ഞങ്ങളുടെ പാർട്ടിയിലും അങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്, അത് പരിഹരിക്കും. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിച്ചു കൊടുക്കുന്നത് മതത്തിൽ മാത്രമല്ല സർവ്വതലങ്ങളിലും ഉണ്ട്. കാന്തപുരത്തിൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെ ഭാഗമാണ്. ജമാഅത്തെ ഇസ്‌ലാമിയെ പോലെ മുസ്‌ലിം മത രാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്ത ആളാണ് കാന്തപുരമെന്നും തോമസ് ഐസക്ക് പറഞ്ഞു.
സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള മെക് 7ൻ്റെ വ്യായാമ കൂട്ടായ്മക്കെതിരെ എതിരെയുള്ള കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. ഇതിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രതികരണവുമായി എത്തിയിരുന്നു. ഗോവിന്ദൻ മാഷിന്റെ ജില്ലയിലെ ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ല, 18 പേരും പുരുഷന്മാരാണ്. ഒരു സ്ത്രീയെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മെക് 7നെതിരെ തുടർച്ചയായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം മെക് സെവനെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്.
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിൻ്റെ മറ്റൊരു വിമർശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു.
content highlight- 'There is a disadvantage of not having women area secretaries' Thomas Isaac