കോഴിക്കോട്: പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന് ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം. പോണ്ടിച്ചേരിയില്‍ ജനുവരി 21 മുതല്‍ 25 വരെ നടന്ന മേളയിലാണ് ഫിസിക്‌സ് അധ്യാപകന്‍ വിനീത് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പുതുച്ചേരി ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എഡ്യുക്കേഷനും വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്‍ണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള അധ്യാപകര്‍ പങ്കെടുത്ത ശാസ്ത്രമേളയില്‍ കേരള വിഭാഗത്തിലാണ് വിനീത് എസ് ഒന്നാമതെത്തിയത്. പഠിക്കാന്‍ വിഷമമുള്ള ഭാഗങ്ങള്‍ മോഡലുകള്‍ വെച്ച് എങ്ങനെ കുട്ടികളെ എളുപ്പത്തില്‍ പഠിപ്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് വിനീത് മാഷ് ടീച്ചിങ് എയ്ഡിലേക്ക് എത്തുന്നത്.
പിന്നീട് അതൊരു മത്സര ഇനമായി മാറിയപ്പോള്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയാണ് ദക്ഷിണേന്ത്യന്‍ മേളയില്‍ വീണ്ടും വിനീത് മികവ് തെളിയിച്ചത്. ഒമ്പതാം ക്ലാസിലെ ഗുരുത്വാകര്‍ഷണം എന്ന പാഠഭാഗത്തിലെ 'അപകേന്ദ്രബലവും അഭികേന്ദ്രബലവും' ആയിരുന്നു മത്സരത്തിനായി ഇത്തവണയും തിരഞ്ഞെടുത്തത്.
Content Highlights: Teacher from Perambra get first in South Indian Science Fair