
വടകര: വടകരയിൽ ബൈക്ക് മോഷ്ടാക്കളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ. വടകരയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. മോഷണം പോയ ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുകൾ രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചായിരുന്നു പ്രതികൾ ഉപയോഗിച്ചിരുന്നത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ബൈക്കുകൾ മോഷണം പോയത്. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് പ്രതികൾ കവർച്ച നടത്തിയത്. ബൈക്ക് മോഷണം പതിവായതോടെ വടകര പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ വിദ്യാർത്ഥികൾ പിടിയിലായത്.
മോഷ്ടിക്കുന്ന വാഹനങ്ങൾ വീട്ടിൽ കൊണ്ടുപോകാത്തതിനാൽ രക്ഷിതാക്കളും വിവരമറിഞ്ഞില്ല. ഇത്തരം വാഹനങ്ങൾ വിൽപ്പന നടത്താതെ സ്വകാര്യ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കും.
Content Highlights: Police have arrested five students who theft bikes in Vadakara