കൊച്ചി: ഖരമാലിന്യ സംസ്കരണത്തില് വേങ്ങര മണ്ഡലത്തെ പ്രശംസിച്ച് സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്ഡ്. ഹൈക്കോടതിയിലാണ് ബോര്ഡ് ഇത് സംബന്ധിച്ച റിപ്പോര്ട്ട് നല്കിയത്. ബ്രഹ്മപുരം മാലിന്യ സംസ്ക്കരണത്തില് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്ജിയിലാണ് ബോര്ഡിന്റെ റിപ്പോര്ട്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. ഹര്ജിയില് കക്ഷി ചേര്ന്ന പി കെ കുഞ്ഞാലിക്കുട്ടി എംഎല്എയുടെ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു റിപ്പോര്ട്ട്.
വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ജനപങ്കാളിത്തത്തോടെ മാലിന്യ സംസ്ക്കരണ നടപടികള് നടത്തിവരുന്നുണ്ടെന്ന് നേരത്തെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. തുടര്ന്ന് വേങ്ങര മണ്ഡലത്തിലെ പഞ്ചായത്തുകളെ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോര്ഡിനെ ചുമതലപ്പെടുത്തുകയായിരുന്നു.
വേങ്ങര, ഊരകം, പറപ്പൂര്, എ ആര് നഗര്, ഒതുക്കുങ്ങല്, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലാണ് ബോര്ഡ് പരിശോധന നടത്തിയത്. ഖര മാലിന്യ സംസ്ക്കരണത്തില് ബോര്ഡ് തൃപ്തി രേഖപ്പെടുത്തി. പാതയോരങ്ങളില് മാലിന്യ നിക്ഷേപങ്ങള് ഇല്ല. പഞ്ചായത്തുകളില് ജൈവമാലിന്യം ഉറവിടങ്ങളില് തന്നെ സംസ്കരിക്കുന്നുണ്ടെന്നും റിപ്പോര്ട്ടിൽ പറയുന്നു.
മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് വാഹനങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. ഖരമാലിന്യം ഹരിത കര്മ്മ സേനാംഗങ്ങള് വഴി ശേഖരിക്കുന്നുണ്ടെന്നും ബോര്ഡ് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അഡ്വക്കേറ്റ് മുഹമ്മദ് ഷായാണ് ഹൈക്കോടതിയില് ഹാജരായത്.