മലപ്പുറം: ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിഥി തൊഴിലാളികൾക്ക് നേരിട്ടും തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിവരവും രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്.
രജിസ്ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ അപ്ലോഡ് ചെയ്യണം. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ, തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 8547655273.
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതു വഴി സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിഥി പോർട്ടൽ ആരംഭിച്ചത്. കേരളത്തിലേക്കെത്തുന്ന എല്ലാ അതിഥി തൊഴിലാളികളേയും പോർട്ടലിൽ രജിസ്ട്രേഷന് ചെയ്യുന്നത് വഴി കുറ്റകൃത്യങ്ങള് കുറക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്. എല്ലാ അതിഥി തൊഴിലാളികളെയും ഉള്പ്പെടുത്തികൊണ്ട് അതിഥി പോർട്ടലിൽ അല്ലെങ്കിൽ ആപ്പിൽ രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കുമെന്ന് തൊഴില് വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.