മഞ്ചേരി: ഇനി മുതൽ മഞ്ചേരി ഗവ. ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്കും പഠിക്കാം. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. 2025-26 അധ്യയനവർഷത്തിൽ സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. കഴിഞ്ഞ മെയ് 13-ന് സ്കൂൾ പ്രധാനാധ്യാപകൻ സർക്കാറിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗവും സർക്കാറിലേക്ക് ശുപാർശ ചെയ്തിരുന്നു.
തുടർച്ചയായി രണ്ടുവർഷമായി സ്കൂൾ ഡിവിഷൻ ഫാൾ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. വിദ്യാലയം മിക്സഡ് സ്കൂൾ ആക്കി മാറ്റുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) പ്രകാരം സ്കൂളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്. ക്ലാസ് മുറികൾ, ഫർണിച്ചർ, കുടിവെള്ളം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ, ആവശ്യമായ കളിസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സ്കൂളിൻറെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ രണ്ട് ഗവ. സ്കൂളും (ഇതിലൊന്ന് ടെക്നിക്കൽ സ്കൂൾ) ഒരു എയ്ഡഡ് സ്കൂളുമാണ് ഉള്ളത്. സ്കൂൾ മിക്സഡ് ആക്കി മാറ്റുകയാണെങ്കിലും തൊട്ടടുത്തുള്ള വിദ്യാലയങ്ങളിലെ പ്രവേശനത്തെ ബാധിക്കുകയില്ലെന്നും സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് മിക്സഡ് ആക്കി ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചത്.
Content Highlights: government order to convert manjeri govt girls school into mixed