മലപ്പുറം: കരിപ്പൂരില്‍ വിവാഹവേദിയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതി. കുമ്മിണിപ്പറമ്പിലാണ് സംഭവം. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശികളായ പതിനാറും പതിനേഴും വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായാണ് പരാതി. ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വിവാഹവേദി അലങ്കരിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവരെ വിവാഹം മുടക്കാനെത്തിയവര്‍ എന്നാരോപിച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മര്‍ദനത്തെ തുടര്‍ന്ന് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ കുഴഞ്ഞുവീണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. പൊലീസിനെതിരെയും വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് കേസെടുത്തെങ്കിലും നീതിപൂര്‍വ അന്വേഷണം നടക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. ദുര്‍ബല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം, വിവാഹ ചടങ്ങിനിടെ വിദ്യാര്‍ത്ഥികള്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന ഭാഗത്തെത്തി ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് വധുവിന്റെ ബന്ധുക്കളുടെ ആരോപണം. വധുവിന്റെ സഹോദരിയോട് ഇവര്‍ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വധുവിന്റെ രക്ഷിതാക്കള്‍ കരിപ്പൂര്‍ പൊലീസിലും ഡിജിപിക്കുമടക്കം പരാതി നല്‍കി. വധുവിന്റെ സഹോദരിയും ആശുപത്രിയില്‍ ചികിത്സ തേടി. വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടിട്ടുണ്ട്.
Content Highlights- Two students beaten up by mob in a wedding venue