പുതുവത്സരാഘോഷം; മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും വാഹന പരിശോധന, നിയമങ്ങൾ ലംഘിച്ചാൽ ലൈസന്‍സ് പോവും

ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്

dot image

മലപ്പുറം: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് കർശന നിർദ്ദേശം നൽകി മലപ്പുറം ജില്ലാ ആർടിഒ ബി ഷഫീഖ്. വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് ആർടിഒയുടെ നിർദ്ദേശം. ഇന്നും നാളെയും രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

പൊലീസിന് പുറമെ മോട്ടോർ വാഹന വകുപ്പിലെ എൻഫോസ്‌മെന്റ് വിഭാഗവും, മലപ്പുറം ആർടിഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാത്രികാല പരിശോധന നടത്തുന്നത്. മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുമുള്ള ഡ്രൈവിംഗ്, അമിത വേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസും റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്.

രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല ആർടിഒ അറിയിച്ചു. വിവിധ വർണ ലൈറ്റുകളുടെ ഉപയോഗം, എയർ ഹോൺ, ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്ക് നേരെയും നടപടിയുണ്ടാകും. ശബരിമല തീർഥാടന കാലത്ത് പുതുവത്സരദിനത്തിൽ റോഡ് തടസ്സങ്ങളൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കൾ പരമാവധി ശ്രമിക്കണമെന്നും ആർടിഒ വ്യക്തമാക്കി.

Content Highlight: New Year's Eve; Vehicle inspection today and tomorrow, license will be revoked if road rules are violated

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us