മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വയോജന ഉല്ലാസയാത്ര വിമാനത്തിൽ നടത്തി. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങളാണ് വിമാനയാത്ര നടത്തിയത്.
ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ വിനോദയാത്ര. ഇതുവരെ വിമാനത്തിൽ യാത്ര ചെയ്യാത്ത വയോജനങ്ങളെയാണ് ഈ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. 21-ാം തീയതി ഗ്രാമപഞ്ചായത്തിൽ നിന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തുടർന്ന് സംഘം ഗ്രാമപഞ്ചായത്തിൽ നിന്നും ബസ് മാർഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയി. അവിടെനിന്നും വിമാനമാർഗ്ഗം ബെംഗളുരുവിലേക്ക് യാത്ര തിരിച്ചു.
അന്നേ ദിവസം രാത്രി ബെംഗളുരുവിൽ താമസിക്കാനുള്ള സൗകര്യവും സംഘത്തിനായി ഒരുക്കിയിരുന്നു. തുടർന്ന് 22ന് രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം കഫൻ പാർക്ക്, വിധാൻ സൗദ, ലാൽബാഗ്, എന്നിവയെല്ലാം സന്ദർശിച്ച ശേഷം രാത്രി ട്രെയിനിൽ സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു .ഇന്ന് രാവിലെ എട്ടുമണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രാസംഘം, തുടർന്ന് ബസ് മാർഗം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കെത്തി.
Content Highlights: Chelembra gramapanhayat conducted air travel tour to old aged persons