ട്രെയിനിൽ സീറ്റ് തരപ്പെടുത്തിക്കൊടുത്ത് സൗഹൃദം സ്ഥാപിച്ചു;ദമ്പതികളുടെ വീട്ടിലെത്തി മയക്കുഗുളിക നൽകിയശേഷം മോഷണം

വളാഞ്ചേരി പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുവനന്തപുരത്തുനിന്ന് പ്രതിയെ പിടികൂടി

dot image

വളാഞ്ചേരി: ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ വീട്ടിലെത്തി മോഷണം നടത്തിയ പ്രതി പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെ(34)യാണ് വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്. ജ്യൂസിൽ മയക്കുഗുളിക ചേർത്ത് നൽകി ബോധം കെടുത്തിയ ശേഷമാണ് ആറ് പവൻ സ്വർണാഭരണം കവർന്നത്. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെ(75)യും ഭാര്യ ചന്ദ്രമതി(68)യെയുമാണ് പ്രതി മയക്കിക്കിടത്തിയത്.

കഴിഞ്ഞ 12-നാണ് സംഭവം നടന്നത്. കൊട്ടാരക്കരയിൽ നിന്ന് ഡോക്ടറെ കണ്ട് കുറ്റിപ്പുറത്തേക്ക് ട്രെയിനിൽ മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെ തീവണ്ടിയിൽ ഇരിക്കാൻ സീറ്റ് തരപ്പെടുത്തിക്കൊടുത്തതിലൂടെ ബാദുഷ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ചു. മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാൻ പോയതാണെന്ന് പറഞ്ഞപ്പോൾ താൻ നാവികസേനാ ഉദ്യോഗസ്ഥനാണെന്നും സേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ മുട്ടിന് ശസ്ത്രക്രിയ നടത്താൻ താൻ സൗകര്യപ്പെടുത്താമെന്നും പറഞ്ഞ് ഇരുവരെയും വിശ്വസിപ്പിച്ചു.

ചേർത്തലയിൽ ഇറങ്ങുന്നതിനിടെ ഇയാൾ മൊബൈൽ നമ്പറും വാങ്ങി. ഇയാൾ തന്റെ പേര് നീരജ് ആണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അടുത്തദിവസം രാവിലെ ചന്ദ്രന്റെ ഫോണിൽ വിളിച്ച് ഓപ്പറേഷന് തീയതി ലഭിച്ചിട്ടുണ്ടെന്നും മുൻപ് നടത്തിയ ചികിത്സകളുടെ പേപ്പറുകൾ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതനുസരിച്ച് കോട്ടപ്പുറത്തെ വീട്ടിലെത്തുകയും ജ്യൂസിൽ മയക്കുഗുളിക കലർത്തി നൽകുകയുമായിരുന്നു. തുടർന്ന് സ്വർണാഭരണവുമായി രക്ഷപ്പെടുകയായിരുന്നു. വളാഞ്ചേരി പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂരിലെ ജൂവലറിയിൽനിന്ന് മോഷ്ടിച്ച സ്വർണം വീണ്ടെടുത്തിട്ടുണ്ട്.

Content Highlights: man arrested for theft case

dot image
To advertise here,contact us
dot image